ഉന്നാവ് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ എയിംസിലേക്ക് മാറ്റി

By Web TeamFirst Published Aug 5, 2019, 10:03 PM IST
Highlights

സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെയാണ് പെൺകുട്ടിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത്.

ദില്ലി: വാഹനാപകടത്തില്‍ പരുക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉന്നാവ് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒമ്പതുമണിയോടെയാണ് പെണ്‍കുട്ടിയെ എയർ ആംബുലൻസ് മാര്‍ഗം എയിംസിലെത്തിച്ചത്.

സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ ദില്ലിയിലേക്ക് മാറ്റിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ചികിത്സ ദില്ലി എംയിസിലേക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചത്.

ഇതിനിടെ, ഉന്നാവ് പീഡനക്കേസ് പ്രതി എംഎൽഎ കുൽദീപ് സെംഗറിനെ തീഹാർ ജയിലിലേക്ക് മാറ്റുവാൻ ദില്ലി തിസ് ഹസാരി കോടതി ഉത്തരവിട്ടു. ഉത്തർപ്രദേശിലെ സീതാപൂർ ജയിലിലാണ് നിലവിൽ കുൽദീപ് സെംഗാറിനെ പാർപ്പിച്ചിട്ടുള്ളത്. വിചാരണ തീരും വരെ എംഎൽഎയെ തീഹാർ ജയിലിലായിരിക്കും പാർപ്പിക്കുക. കുൽദീപ് സിംഗ് സെംഗറിന്‍റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റും. 

ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 30 നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പെൺകുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

അതേസമയം, ഉന്നാവ് കേസുകളുടെ വിചാരണ നടപടികള്‍ ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ തുടങ്ങി. കുല്‍ദീപ് സിംഗര്‍ എംഎല്‍എയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ കേസും, അച്ഛന്‍റെ കസ്റ്റഡിമരണകേസുമാണ് ആദ്യം പരിഗണിക്കുന്നത്. എംഎല്‍എ മാത്രം പ്രതിയായ ബലാത്സംഗ കേസ് ബുധനാഴ്ചയാവും പരിഗണിക്കുക. 

click me!