ഉന്നാവ് സംഭവം: പ്രതിയായ എംഎല്‍എയെ ബിജെപി പുറത്താക്കി

By Web TeamFirst Published Aug 1, 2019, 12:52 PM IST
Highlights

പെണ്‍കുട്ടിയുടെ സുരക്ഷാചുമതല വഹിച്ചിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു 

ലക്നൗ: ഉന്നാവ് സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. പെൺകുട്ടിക്കും കുടുംബത്തിനും ഉണ്ടായ അപകടത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് വിവരം പുറത്തു വന്നതിനെ തുടർന്ന് വ്യാപകപ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയർന്നത്.

നേരത്തെ സെൻഗാറിനെ സസ്പെൻഡ് ചെയ്തതായി ഉത്തർപ്രദേശ് ബിജെപി സംസ്ഥാന കമ്മറ്റി അറിയിച്ചിരുന്നു. സംഭവത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് എംഎൽഎ പുറത്താക്കിയതായി ബിജെപി സംസ്ഥാനനേതൃത്വം അറിയിച്ചിരിക്കുന്നത്.  ഉത്തർ‍പ്രദേശിലെ ഉന്നാവ് സദറിൽ നിന്നുള്ള എംഎൽഎയാണ് സെൻഗാർ.

ബിഎസ്പിയിൽ നിന്നും സമാജ് വാദി പാർ‍ട്ടിയിൽ എത്തിയ സെൻഗാർ 2017 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിൽ എത്തുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിലവിൽ പോക്സോ വകുപ്പ് പ്രകാരം ജയിലിലാണ്.പെൺകുട്ടിയുടെ സുരക്ഷക്കായി നിയമിച്ചിരുന്ന 9 പൊലീസുകാരിൽ മൂന്നു പേരെ സർക്കാർ സുരക്ഷയിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് പുറത്താക്കിയിട്ടുണ്ട്.

click me!