
ലഖ്‌നൗ: സർക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് 'മുജാഹിദീൻ ആർമി'യുടെ മുഖ്യസൂത്രധാരനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കേരളത്തിൽ നിന്ന് പിടികൂടി. മുജാഹിദീൻ ആർമിയുടെ മുഖ്യസൂത്രധാരനും ഗ്രൂപ്പ് നേതാവുമായ മുഹമ്മദ് റാസ എന്നയാളെയാണ് മലപ്പുറത്ത് നിന്ന് എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. യുപിയിലെ ഫത്തേപൂർ ജില്ലക്കാരനാണ് റാസ. കേരളത്തിൽ താമസിച്ചാണ് ഇയാൾ ഭീകര സംഘടനയെ നയിച്ചിരുന്നതെന്ന് യുപി എടിഎസ് പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നുവെന്നും പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളിൽ സ്വാധീനം ചെലുത്തി ഇന്ത്യയിൽ നിന്ന് സമാന ചിന്താഗതിക്കാരായ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും എ.ടി.എസ് പറയുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി. വിവിധ സോഷ്യൽ മീഡിയ ആപ്പുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഓൺലൈനായി ഫണ്ട് ശേഖരിച്ചിരുന്നുവെന്നും ഏജൻസി പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഓൺലൈനായി ശേഖരിച്ച ഫണ്ട് റാസയുടെ അക്കൗണ്ടിലേക്ക് എത്തിച്ചു. ഈ പണം ഇന്ത്യൻ മണ്ണിലെ ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പദ്ധതിയിട്ടു. നേരത്തെ, ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇയാളുടെ മൂന്ന് കൂട്ടാളികളെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
റാസയെ ലഖ്‌നൗവിലേക്ക് കൊണ്ടുവരുന്നതിനും കോടതിയിൽ ഹാജരാക്കുന്നതിനും ഭീകര ശൃംഖലയെയും അതിന്റെ കൂട്ടാളികളെയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനും എ.ടി.എസ് ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെടും. എ.ടി.എസ് നേരത്തെ അറസ്റ്റ് ചെയ്തവരിൽ അക്മൽ റാസ, സഫീൽ സൽമാനി എന്ന അലി റാസ്വി, മുഹമ്മദ് തൗഫീഖ്, ഖാസിം അലി എന്നിവരും ഉൾപ്പെടുന്നു. ഇവരെല്ലാം യു.പി സ്വദേശികളാണെന്നും എ.ടി.എസ് നടത്തിയ റെയ്ഡുകളിൽ വിവിധ ജില്ലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.