
ലക്നൗ: ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾക്ക് ഉത്തർപ്രദേശിൽ നിരോധനം. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം റാലികൾ വിലക്കിക്കൊണ്ട് യുപി സർക്കാർ ഉത്തരവിറക്കി. ഒക്ടോബറിൽ ബിഎസ്പി ഉൾപ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. പൊതു സ്ഥലങ്ങളിൽ ജാതി സംബന്ധിച്ച പ്രദർശനങ്ങൾ ഒഴിവാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഫ്ഐആറുകളിലും ജാതി പരാമർശിക്കരുതെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. എന്നാൽ മദ്യക്കടത്ത് കേസിൽ തനിക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന മദ്യക്കടത്തുകാരന്റെ ഹർജിയിലാണ് കോടതി ജാതി വിവേചനം സംബന്ധിയായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. ജാതി ആസ്പദമായ സ്റ്റിക്കറുകൾ, വാക്കുകൾ എന്നിവ വാഹനങ്ങൾ ഒട്ടിക്കുന്നതിനും വിലക്ക് ബാധകമാണ്. ഇത്തരത്തിലുള്ള സ്റ്റിക്കർ ഒട്ടിക്കുന്ന വാഹനങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് പിഴയിടാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.
പ്രത്യേക ജാതി മേഖലയെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള വലിയ ഹോർഡിംഗുകളും ഉടനടി നീക്കാനും സംസ്ഥാന സർക്കാർ വിശദമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ജാത്യാധിഷ്ടിത പ്രചാരണങ്ങൾക്കും വിലക്ക് ബാധകമാണ്. 2023 ഏപ്രിലിൽ അനധികൃതമായ മദ്യം കടത്തിയതിന് അറസ്റ്റിലായ ആളുടെ കേസ് ഫയലിലിൽ ജാതി പേരുകൾ വിശദമാക്കിയതിനെതിരെയായിരുന്നു കോടതി നിർദ്ദേശങ്ങൾ. ഈ കേസ് കോടതി തള്ളുകയും ചെയ്തിരുന്നു. പരാതിക്കാരനെതിരായ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam