ട്രെയിനിൽ പേടിച്ചുവിറച്ച് പണം കൊടുക്കേണ്ട ഗതികേടിൽ യാത്രക്കാർ; പണപ്പിരിവിനായി പുതിയ വഴി, ജനറൽ കോച്ചിൽ കയറിയത് പാമ്പുമായി

Published : Sep 23, 2025, 10:29 AM IST
train snake

Synopsis

അഹമ്മദാബാദ്-സബർമതി എക്സ്പ്രസ്സിൽ ഒരു യാത്രക്കാരൻ പാമ്പിനെ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തി പണം പിരിക്കുന്നതിന്‍റെ വീഡിയോ വൈറലായി. ഈ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ്: ഒരു പാമ്പിനെയും ചുമലിലിട്ട് ട്രെയിനിൽ യാത്രക്കാരിൽ നിന്ന് പണം പിരിക്കുന്നയാളിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. അഹമ്മദാബാദ്-സബർമതി എക്സ്പ്രസ്സിലാണ് ഈ സംഭവം നടന്നത്. പാമ്പിനെ യാത്രക്കാർക്ക് തൊട്ടടുത്തായി കാണിച്ചുകൊണ്ട് ഭയപ്പെടുത്തി പണം പിരിക്കുന്നത് വീഡിയോയിൽ കാണാം. ഭയം കാരണം പല യാത്രക്കാരും ഇയാൾക്ക് പണം നൽകുന്നുമുണ്ട്. "മധ്യപ്രദേശിലെ മുൻഗാവോളിയിൽ നിന്നാണ് പാമ്പുമായി ഇയാൾ കയറിയത്. ഇന്ത്യൻ റെയിൽവേയിൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളിൽ നിന്ന് പണം പിരിക്കാൻ പുതിയ വഴി," റെയിൽവേ അധികൃതരെ ടാഗ് ചെയ്തുകൊണ്ട് ഒരു എക്സ് ഉപയോക്താവ് വീഡിയോയോടൊപ്പം കുറിച്ചു.

ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആയിരക്കണക്കിന് ആളുകൾ കാണുകയും വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തു. ട്രെയിനുകളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഇതൊരു വിനോദമല്ല, ദുർബലരായ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് ശേഷം, റെയിൽവേസേവയുടെ എക്സ് അക്കൗണ്ട് വിഷയത്തിൽ പ്രതികരിക്കുകയും കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനോട് (ആർപിഎഫ്) അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. "നിങ്ങളുടെ യാത്രാവിവരങ്ങൾ (പിഎൻആർ / യുടിഎസ് നമ്പർ), മൊബൈൽ നമ്പർ എന്നിവ ഡിഎം വഴി അയക്കുക. നിങ്ങൾക്ക് വേഗത്തിലുള്ള സഹായത്തിനായി http://railmadad.indianrailways.in എന്ന വെബ്സൈറ്റിൽ നേരിട്ട് പരാതി നൽകുകയോ അല്ലെങ്കിൽ 139 ഡയൽ ചെയ്യുകയോ ചെയ്യാം," എന്ന് റെയിൽവേ സേവയുടെ പ്രതികരണത്തിൽ പറയുന്നു.
 

 

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ മറ്റൊരു സംഭവത്തിൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു സ്ത്രീ ഇന്ത്യൻ റെയിൽവേ ജീവനക്കാരനുമായി തർക്കിക്കുന്ന വീഡിയോയും വൈറലായി. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ടിടിഇ ടിക്കറ്റ് ചോദിച്ചപ്പോൾ, ജീവനക്കാരൻ തന്നോട് മോശമായി പെരുമാറിയെന്ന് ആ സ്ത്രീ വാദിക്കുന്നതായി വീഡിയോയിൽ കാണാം. ഈ സംഭവത്തിൽ ഉചിതമായ നടപടി എടുക്കണമെന്ന് ഉപയോക്താക്കൾ ആവശ്യപ്പെട്ടു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്