ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു, ചെറിയ വഴക്ക് കയ്യാങ്കളിയായി; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി

Published : Jun 16, 2025, 01:54 PM IST
Men bathing

Synopsis

എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

കാൺപൂർ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയും നൽകി. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച്  ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

13 വർ‌ഷം മുൻപായിരുന്നു പ്രവീണും ഭാര്യയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം മുമ്പ് കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭാര്യ ചോദ്യം ചെയ്തു. എന്നാൽ എന്‍റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കുന്നുണ്ടല്ലോ എന്നും അപ്പോഴൊന്നും താൻ പരാതി പറഞ്ഞില്ലല്ലോ എന്നും പ്രവീൺ തിരിച്ച് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. നിസാര കാര്യത്തിന് തുടങ്ങിയ വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്കെത്തി. ഇതോടെ ഭാര്യ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതി ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ക്വാർസി പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രവീൺ കുമാർ ഭാര്യയെ ആക്രമിച്ചതായി വിവരം ലഭിച്ചതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും ക്വാർസി എസ്എച്ച്ഒ നരേന്ദ്ര ശർമ്മ പറഞ്ഞു. എന്നാൽ ഒരു ചെറിയ തർക്കത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് കുമാർ ആരോപിച്ചു. സംഭവത്തിൽ യുവതിയേയും പ്രവീണിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. കുറ്റകൃത്യം തടയാൻ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 151 പ്രകാരമാണ് കുമാറിനെതിരെ കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോടതിയിൽ ഹാജരാക്കിയ പ്രവീണിനെ ജാമ്യത്തിൽ വിട്ടു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'