സഹോദരിയില്ലാത്തതിൽ വിഷമം; 101 നിർദ്ധന യുവതികളുടെ വിവാഹച്ചെലവ് ഏറ്റെടുത്ത് മാതൃകയായി യുവ വ്യവസായി

Published : Oct 27, 2026, 08:41 PM IST
Marriage

Synopsis

വിവാഹ ചടങ്ങുകൾ നടത്തുക മാത്രമല്ല, ദമ്പതികൾക്ക് കുടുംബമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്ന് വ്യവസായി പറഞ്ഞു. നവവധൂവരന്മാർക്ക് ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കട്ടിൽ, അലമാര തുടങ്ങി ആവശ്യമായ വീട്ടുപകരണങ്ങളും സമ്മാനമായി നൽകി.

ലഖ്നൌ: സ്വന്തമായി സഹോദരിയില്ലാതെ വളർന്ന യുവാവ്, സഹോദരന്‍റെ സ്ഥാനത്തു നിന്ന് 101 യുവതികളുടെ വിവാഹം നടത്തിക്കൊടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ചെലവ് വഹിച്ചാണ് യുവാവ് മാതൃകയായത്. വ്യവസായിയായ വിനയ് അഗർവാൾ ആണ് 101 യുവതികളുടെ വിവാഹ ചെലവ് സ്വയം ഏറ്റെടുത്തത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. ഞായറാഴ്ച ഖിർണി ബാഗിൽ നടന്ന ചടങ്ങിൽ 93 യുവതികളുടെ വിവാഹം ഹൈന്ദവാചാര പ്രകാരം നടന്നു. അതേ ചടങ്ങിൽ എട്ട് മുസ്ലിം യുവതികളുടെ നിക്കാഹും നടന്നു. വധൂവരന്മാരെ 101 കാറുകളിലായാണ് വിവാഹ വേദിയിലെത്തിച്ചത്. ആഘോഷപൂർവ്വം 101 യുവതികളുടെ വിവാഹം നടത്തി.

2018 മുതലാണ് താൻ വിവാഹങ്ങൾക്ക് സഹായം നൽകാൻ തുടങ്ങിയതെന്ന് വിനയ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് അമ്മ സരോജ് അഗർവാളിന്റെ ഉപദേശ പ്രകാരം സംഘടിത രൂപം നൽകി. 2023-ൽ 11 യുവതികളുടെ വിവാഹം നടത്തി. 2024ൽ 21 വിവാഹങ്ങളും കഴിഞ്ഞ വർഷം 51 വിവാഹങ്ങളും നടത്തി. ഈ വർഷം അത് 101-ൽ എത്തിനിൽക്കുന്നുവെന്ന് വിനയ് അഗർവാൾ പറഞ്ഞു. ഇനിയുള്ള വർഷങ്ങളിലും നിർദ്ധന കുടുബത്തിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേവലം വിവാഹ ചടങ്ങുകൾ നടത്തുക മാത്രമല്ല, ഈ ദമ്പതികൾക്ക് ഒരു കുടുംബമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്ന് അഗർവാൾ പറഞ്ഞു. നവവധൂവരന്മാർക്ക് ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കട്ടിൽ, അലമാര തുടങ്ങി ആവശ്യമായ വീട്ടുപകരണങ്ങളും സമ്മാനമായി നൽകി.

തന്റെ പരേതനായ പിതാവ് അശോക് അഗർവാളിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രാം നവമി സമയത്താണ് ഈ ചടങ്ങ് സംഘടിപ്പിക്കാറുള്ളതെന്ന് വിനയ് അഗർവാൾ പറഞ്ഞു. ഈ വർഷം ഏകദേശം 200 അപേക്ഷകൾ ലഭിച്ചതിൽ നിന്ന് മൂന്ന് ഘട്ടങ്ങളായുള്ള പരിശോധനയ്ക്ക് ശേഷമാണ് 101 വധുക്കളെ തെരഞ്ഞെടുത്തത്. സാമ്പത്തികമായി ശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾ നിരസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതിനായി മറ്റാരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ സഹായിക്കാൻ മുന്നോട്ട് വരുമ്പോൾ, സ്വന്തം നിലയിൽ വിവാഹം നടത്തിക്കൊടുക്കാനാണ് ആവശ്യപ്പെടാറുള്ളത്. ആവശ്യമെങ്കിൽ താൻ സഹായിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്യാറുണ്ടെന്ന് വിനയ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ; തടയാൻ ശക്തമായ നിയമനിർമാണത്തിന് കേന്ദ്രം, സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു
എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന് ദില്ലിയിൽ തുടക്കം; ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി