സമ്മതമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രശ്നത്തിനൊപ്പം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജചിത്രങ്ങൾ, വ്യക്തികളുടെ മുഖവും ശരീരവും മോർഫ് ചെയ്ത് തയ്യാറാക്കുന്ന ദൃശ്യങ്ങൾ എന്നിവയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തടയാൻ പുതിയ നിയമനിർമാണം പരിഗണിച്ച് കേന്ദ്രം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും മുതിർന്നവരുടെ സമ്മതമില്ലാതെ സ്വകാര്യവും ലൈംഗിക സ്വഭാവമുള്ളതുമായ ദൃശ്യങ്ങൾ പങ്കുവെക്കുന്നതും തടയാൻ സമഗ്രമായ നയരൂപീകരണം പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സമ്മതമില്ലാതെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രശ്നത്തിനൊപ്പം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജചിത്രങ്ങൾ, വ്യക്തികളുടെ മുഖവും ശരീരവും മോർഫ് ചെയ്ത് തയ്യാറാക്കുന്ന ദൃശ്യങ്ങൾ എന്നിവയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
നിർദിഷ്ട നിയമനിർമാണത്തിലൂടെ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ബാധ്യതയ്ക്കപ്പുറം, അവ അപ്ലോഡ് ചെയ്യുന്നവരെക്കുറിച്ചുള്ള വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യത ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നതായും കേന്ദ്രം നിലപാട് അറിയിച്ചു. ഇരയായ വ്യക്തി തന്നെ പരാതി നൽകണമെന്ന സമീപനത്തിനുപകരം സംഭവത്തെക്കുറിച്ച് അറിവുള്ള മൂന്നാം കക്ഷികൾക്കും സത്യസന്ധമായ പരാതികൾ നൽകാൻ കഴിയുന്ന വ്യവസ്ഥയും നിർദിഷ്ട നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.




