
ലഖ്നൌ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 40 ശതമാനം ടിക്കറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ മുഴുവൻ പങ്കെടുക്കും. എൽപിജി സിലിണ്ടറും, 2000 രൂപയും നൽകി സ്ത്രീകളെ പ്രീണിപ്പിക്കാമെന്ന് പാർട്ടികൾ കരുതുന്നു.
സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള തീരുമാനം, ഉന്നാവോയിൽ ബലാംത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്കും, ഹഥ്രസിൽ നീതി ലഭിക്കാതെ പോയ പെൺകുട്ടിക്കും, ലഖിംപൂർ ഖേരിയിൽ വെച്ച് കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പറഞ്ഞ പെൺകുട്ടികൾക്കും വേണ്ടിയാണ്. യുപി പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികൾക്കും വേണ്ടിയാണ്- പ്രിയങ്ക പറഞ്ഞു.
സ്ത്രീകൾ തന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. രാജ്യത്തെ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂ എന്നും അവർ പറഞ്ഞു. ഞങ്ങൾ അപേക്ഷാ ഫോമുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, നവംബർ 15 മുതൽ അപേക്ഷകൾ സ്വീകരിക്കും. എനിക്ക് കഴിയുമായിരുന്നെങ്കിൽ, സ്ത്രീകൾക്ക് 50 ശതമാനം ടിക്കറ്റുകൾ നൽകുമായിരുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അടുത്തവരുന്ന സാഹചര്യത്തിൽ ലഖ്നൌവിൽ തങ്ങി പ്രചാരണം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രിയങ്ക. സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും സ്ത്രീകളുടെ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കിയുമാണ് ഇത്തവണ കോൺഗ്രസ് തെരഞ്ഞെടപ്പിനെ നേരിടുകയെന്ന സൂചനയും പ്രിയങ്ക നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam