
ലഖ്നൗ: ഉത്തർ പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് സംസ്കൃത പരീക്ഷയിൽ ഒന്നാമനായത് മുസ്ലിം വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ. യുപിയിലെ ചന്ദൗലി ജില്ലയിലെ കർഷകത്തൊഴിലാളിയായ സലാവുദ്ദീന്റെ മകനായ 17 കാരനാണ് യു പി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 82.71% മാർക്കോടെയാണ് ഇർഫാൻ ഒന്നാമതെത്തിയത്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതം, സാഹിത്യം എന്നീ രണ്ട് വിഷയങ്ങളും യു പിയിലെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഇങ്ങനെയാണ് ഇർഫാൻ സംസ്കൃതം പഠിക്കാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് സംസ്ഥാനത്തെ തന്നെ എറ്റവും മിടുക്കനായ സംസ്കൃത വിദ്യാർഥിയാകുകയായിരുന്നു ഇർഫാൻ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 13738 വിദ്യാർത്ഥികളെ പിന്നിലാക്കിയാണ് ഇർഫാൻ മുന്നേറിയത്.
ഇപ്പോൾ ഇർഫാന്‍റെ ഏറ്റവും വലിയ സ്വപ്നം തന്നെ സംസ്കൃത അധ്യാപകൻ ആകുക എന്നതാണ്. അതിനുള്ള പരിശ്രമത്തിലും കഠിനാധ്വാനത്തിലുമാണ് ഈ മിടുക്കൻ. പന്ത്രണ്ടാം ക്ലാസിൽ സംസ്കൃത പരീക്ഷയിൽ ഒന്നാമനായത് തന്‍റെ സ്വപ്നത്തിലേക്കുള്ള ദൂരം കുറയുമെന്ന പ്രതീക്ഷയിലാണ് ഇർഫാൻ. 10 ാം ക്ലാസിലും ഏറ്റവും മികച്ച 20 സ്‌കോറർമാരിൽ ഒരേയൊരു മുസ്ലീമായിരുന്നു ഇർഫാനെന്ന് പിതാവ് അഭിമാനത്തോടെ പറഞ്ഞു. അങ്ങനെയാണ് സമ്പൂർണാനന്ദ് സംസ്‌കൃത സർക്കാർ സ്‌കൂളിൽ ഇർഫാനെ ചേർത്തത്. ഫീസ് താങ്ങാനാവുന്ന ഏക സ്‌കൂളായിരുന്നു അതെന്നും അദ്ദേഹം വിവരിച്ചു. പഠനത്തിൽ ഇർഫാൻ എപ്പോഴും മിടുക്കനായിരുന്നുവെന്നും സ്‌കൂളിലെ ആദ്യ ദിവസം മുതൽ സംസ്‌കൃത ഭാഷയിൽ അതീവ താൽപര്യം കാണിക്കാൻ തുടങ്ങിയെന്നും സലാവുദ്ദീൻ പറഞ്ഞു. 'ആളുകൾ എന്തിനാണ് ഒരു ഭാഷയെ ഒരു മതവുമായി ബന്ധിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഹിന്ദുവിന് ഉറുദു പഠിക്കാനും മുസ്ലീങ്ങൾക്ക് സംസ്‌കൃതത്തിൽ മികവ് പുലർത്താനും കഴിയുമെന്നും ബിരുദധാരിയായ ആ പിതാവ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam