
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് നിരക്ക്(എംഡിആർ) ഏർപ്പെടുത്തിയത് വിദേശസമ്മർദത്തെ തുടർന്നാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്രസർക്കാർ. കേന്ദ്ര ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. ഇന്ത്യയുടെ യുപിഐ നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് സ്വതന്ത്രമായിട്ടാണെന്നും ഉപഭോക്താക്കൾക്കുള്ള യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനം വിദേശരാജ്യങ്ങളുടെ സ്വാധീനത്തെത്തുടർന്നാണ് ചില ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ, ഇത് തീർത്തും തെറ്റാണ്. ഇന്ത്യയുടെ യുപിഐ നയതീരുമാനങ്ങളെടുക്കുന്നത് സ്വതന്ത്രമായാണെന്നും കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനും അമേരിക്കൻ സമ്മർദത്തിനും വഴങ്ങിയാണ് യുപിഐ ഇടപാടുകൾക്ക് കേന്ദ്രം ഫീസ് ഏർപ്പെടുത്തിയതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. യുപിഐ, റുപേ എന്നിവ കാരണം യുഎസിന്റെ വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് നഷ്ടമുണ്ടായി. ഇതേത്തുടർന്ന് യുഎസ് പരാതിപ്പെട്ടെന്നും ഇതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ യുപിഐ ഇടപാടിന് ഫീസ് ഈടാക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് തുകയുടെ 0.4% ഫീസ് ആയി ഇടാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഫീസ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കില്ലെന്നും വ്യാപാരികളാണ് നൽകേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. യുപിഐ ഇടപാടുകളിലൂടെ മാസം ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന വ്യാപാരികളാണ് ഈ ഫീസ് നൽകേണ്ടതെന്നും ഉത്തരവിലുണ്ടായിരുന്നു. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് നിരക്ക് ബാധകമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം ഒരാൾ 10,000 രൂപ യുപിഐ വഴി വ്യാപാരിക്ക് നൽകിയാൽ വ്യാപാരി ഇതിന് 40 രൂപയാണ് എംഡിആർ ആയി നൽകേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam