
ചെന്നൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി രണ്ട് മക്കൾ ചേർന്ന് അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് 3 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി കൊലപാതകം നടന്നത്. രണ്ട് യുവാക്കളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊത്താതുർപേട്ട സ്വദേശിയായ ഇ.പി. ഗണേശൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗണേശന്റെ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവരെയും ഇവർക്ക് പാമ്പിനെ എത്തിച്ചുനൽകിയ നാല് സഹായികളെയും പോലീസ് പിടികൂടി. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായ ഗണേശനെ കഴിഞ്ഞ ഒക്ടോബർ 22-നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റതാണെന്നാണ് മക്കൾ ആദ്യം പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഇത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു.
ഗണേശന്റെ പേരിൽ 3 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നു. കുടുംബത്തിന്റെ വരുമാനത്തേക്കാൾ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവ. ഇത് ഇൻഷുറൻസ് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടു. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത്. ഗണേശനെ കൊല്ലാൻ മക്കൾ ഇതിനു മുൻപും ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒരാഴ്ച മുൻപ് ഒരു മൂർഖൻ പാമ്പിനെ കൊണ്ട് ഗണേശനെ കടിപ്പിച്ചെങ്കിലും നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. എന്നാൽ രണ്ടാം തവണ കൂടുതൽ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ എത്തിച്ച് ഉറങ്ങിക്കിടന്ന ഗണേശന്റെ കഴുത്തിൽ തന്നെ കടിപ്പിച്ചു മരണം ഉറപ്പാക്കുകയായിരുന്നു. പാമ്പ് കടിയേറ്റ ശേഷം ഗണേശനെ ആശുപത്രിയിലെത്തിക്കാൻ മക്കൾ മനഃപൂർവം വൈകിപ്പിച്ചു. പാമ്പ് അബദ്ധത്തിൽ വീട്ടിൽ കയറിയതാണെന്ന് വരുത്തിത്തീർക്കാൻ അവർ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.ഗണേശന്റെ മക്കളായ മോഹൻരാജ്, ഹരിഹരൻ എന്നിവരെ കൂടാതെ പാമ്പിനെ പിടിച്ചുനൽകിയ ബാലാജി, പ്രശാന്ത്, ദിനകരൻ, നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കടബാധ്യതകൾ തീർക്കാനും ആഡംബര ജീവിതത്തിനുമായാണ് ഇവർ ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
കേരളത്തിലും സമാനമായ രീതിയിൽ കൊലപാതകം നടന്നിരുന്നു. കേരളത്തിൽ ഉത്ര എന്ന യുവതിയെയാണ് സ്വന്തം ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam