
ഹർദോയ്: ഉത്തർപ്രദേശിൽ ഭാര്യ സഹോദരന്‍റെ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുപിയിലെ ഹർദോയ് ജില്ലയിൽ ആണ് അമ്മാവൻ തന്‍റെ ഭാര്യ സഹോദരന്‍റെ 22 കാരിയായ മകളെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മണികാന്ത് ദ്വിവേദി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണികാന്തും ബന്ധുവായ മാൻസി പാണ്ഡെയും തമ്മിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നുവെന്നും പെൺകുട്ടി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. രക്ഷാബന്ധൻ ആഘോഷത്തോടനുന്ധിച്ച് മാൻസി പാണ്ഡെ തന്‍റെ അമ്മായിയുടെ വീട്ടിലേക്ക് എത്തിയിരുന്നു. മാൻസിയെ പിതാവ് രാംസാഗർ പാണ്ഡെ ആണ് വൈകിട്ട് മൂന്ന് മണിയോടെ സഹോദരിയുടെ വീട്ടിൽ കൊണ്ടുവന്നാക്കിയത്. പിന്നീട് മണികാന്ത് പാണ്ഡെയെ ഫോണിൽ വിളിച്ച് മാൻസിയെ കാണാനില്ലെന്നും അവൾ ഒളിച്ചോടിയെന്നും പറഞ്ഞു. എന്നാൽ സംശയം തോന്നിയ രാംസാഗർ പാണ്ഡെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.
രാംസാഗർ പാണ്ഡെയുടെ പരാതിയിൽ പൊലീസ് മണികാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മാൻസിയും മണികാന്തും തമ്മിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ട് വർഷമായി മാൻസിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി നീരജ് കുമാർ ജാദൂൻ പറഞ്ഞു.
അടുത്തിടെ, താൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മാൻസി പ്രതിയോട് പറഞ്ഞിരുന്നു. പിന്നാലെ വീട്ടുകാർ മാൻസിക്ക് വിവാഹമുറപ്പിക്കുകയും ചെയ്തു. നവംബർ 27 ന് മാൻസിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് മണികാന്തിനെ പ്രകോപിപ്പിച്ചു. യുവതിയോട് വിവാഹം കഴിക്കരുതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ യുവതി തീരുമാനം മാറ്റിയില്ല.ഇതോടെയാണ് രക്ഷാബന്ധൻ ദിവസം വീട്ടിലെത്തിയ യുവതിയെ മണികാന്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം നിർമ്മാണം നടക്കുന്ന കെട്ടിട്ടത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. മാൻസിയുടെ മൊബൈൽ ഫോൺ ഒരു ബസിനുള്ളിൽ ഒളിപ്പിച്ചു. അന്വേഷണം വഴി തെറ്റിക്കാനാണ് പ്രതി മൊബൈൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിലിട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More : കുമരനെല്ലൂരിൽ എലിവിഷം കഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാശ്രമം, ചികിത്സയിലിരിക്കെ മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam