രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍

By Web TeamFirst Published Dec 15, 2019, 9:20 PM IST
Highlights

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. മുമ്പ് ജവഹര്‍ലാല്‍ നെഹ്റു ശിവാജിയെ കവര്‍ച്ചക്കാരനെന്ന് വിളിച്ചു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു. 

മുംബൈ: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി ഡി സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. 'മാപ്പ് പറയാന്‍ തന്‍റെ പേര്  രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്' എന്ന പരാമര്‍ശത്തിനെതിരെയാണ് രഞ്ജിസ് സവര്‍ക്കര്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുക. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി രഞ്ജിത് സവര്‍ക്കര്‍ കൂടിക്കാഴ്ച നടത്തും. 

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. മുമ്പ് ജവഹര്‍ലാല്‍ നെഹ്റു ശിവാജിയെ കവര്‍ച്ചക്കാരനെന്ന് വിളിച്ചു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ശിവസേന തയാറാകണം. ബിജെപിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കണം. ഇത്തരം അപമാനത്തെ സര്‍ക്കാര്‍ സമ്മതിക്കരുത്. സ്വാതന്ത്ര്യ സമര സേനാനികളെ ഞങ്ങള്‍ അപമാനിക്കാറില്ല. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സവര്‍ക്കറെ അപമാനിച്ചു. കോണ്‍ഗ്രസ് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാജ്യത്ത് സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ജാര്‍ഖണ്ഡിലെ റാലിയില്‍ രാഹുല്‍ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശനത്തിനെതിരെ ബിജെപി ലോക്സഭയിലും രാജ്യസഭയിലും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് രാഹുല്‍ ദില്ലിയില്‍ ആഞ്ഞടിച്ചത്. 

click me!