
തിരുവനന്തപുരം: പയ്യന്നൂരിൽ സിപിഎമ്മിനെ അട്ടിമറിച്ച വി. കുഞ്ഞികൃഷ്ണൻ വിമത സ്വരം ഉയർത്തി രംഗത്തെത്തിയത് ഏഷ്യാനെറ്റ് ന്യൂസിലൂടെ. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എക്സിക്യൂട്ടൂവ് എഡിറ്റർ വിനു വി. ജോണിന് നൽകിയ അഭിമുഖത്തിലായിരുന്നു ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പരസ്യമായി ഉയർത്തിയത്. എംഎൽഎ ടിഐ മധുസൂദനനെതിരെയായിരുന്നു ആരോപണം. 2026 ജനുവരി 26-നാണ് ഈ അഭിമുഖം സംപ്രേഷണം ചെയ്തത്. രക്തസാക്ഷി ഫണ്ട് തട്ടിയെന്നും കൃത്യമായി കണക്ക് അവതരിപ്പിച്ചില്ലെന്നും ചോദ്യമുന്നയിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണുണ്ടായതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
പ്രതിരോധവുമായി സിപിഎം രംഗത്തെത്തിയതോടെ പാർട്ടി ഓഫിസ് നിർമാണ ഫണ്ട് തട്ടിപ്പ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഫണ്ട് തട്ടിപ്പ് എന്നിവ ഉയർത്തി സജീവമായി. പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന കാരണത്താൽ കുഞ്ഞികൃഷ്ണനെതിരെ സി.പി.എം നടപടിയെടുത്തു. തെരഞ്ഞെടുപ്പ് അടുത്തതോടെ കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുയർന്നു. ഇതോടെ പിന്തുണ നൽകാൻ യുഡിഎഫ് തയാറായതോടെ പയ്യന്നൂരിൽ അദ്ദേഹം സ്ഥാനാർഥിയായി.
പോളിങ് കഴിഞ്ഞപ്പോഴും യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചിരുന്നില്ല. ഭൂരിപക്ഷം കുറയ്ക്കാമെന്നല്ലാതെ അട്ടിമറി ജയമുണ്ടാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. എന്നാൽ, എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി കുഞ്ഞികൃഷ്ണൻ വിജയം കുറിച്ചു. 49,780 വോട്ടുകളാണ് കുഞ്ഞികൃഷ്ണൻ നേടിയത്. ടിഐ മധുസൂദനൻ ആകട്ടെ 69153 വോട്ടും നേടി. 7487 വോട്ടിന്റെ ഭൂരിക്ഷമാണ് ലഭിച്ചത്. കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിക്കുക. പാർട്ടിയിൽ നിരവധി ചർച്ചകൾക്ക് വഴിവെക്കുന്നതായിരിക്കും പയ്യന്നൂരിലെ തോൽവി. നേതൃത്വം എന്ത് മറുപടി പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam