ഹരിത പടക്കങ്ങളുടെ പാക്കറ്റിന് മുകളിൽ തിരിച്ചറിയാനുള്ള ക്യുആർ കോഡ് പ്രിന്റ് ചെയ്യണമെന്നാണ് നിർദേശം, എന്നാൽ ഹരിത പടക്കം എന്നെഴുതിയിട്ടുണ്ട്, പലതും പച്ച നിറമുള്ള പാക്കറ്റുമാണ്, പക്ഷെ ക്യുആർ കോഡ് മാത്രം ഇല്ല. വ്യാജ ഹരിത പടക്കമാണെന്ന് ചുരുക്കം.

ദില്ലി: ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനുള്ള സുപ്രീംകോടതി അനുമതിയുടെ മറവിൽ ദില്ലിയിൽ വിൽക്കുന്നതിൽ ഭൂരിഭാ​ഗവും സാധാരണ പടക്കങ്ങൾ. വ്യാജ ഹരിത പടക്കങ്ങളാണ് ന​ഗരത്തിലെ പ്രധാന മാർക്കറ്റുകളിലടക്കം പരസ്യമായി വിൽക്കുന്നത്. വ്യാജ പടക്കങ്ങൾ ന​ഗരത്തിൽ ഉപയോ​ഗിക്കുന്നതോടെ വായുമലിനീകരണതോത് ​ഗുരുതരമാകുമെന്നാണ് ആശങ്ക.

ദില്ലിയിൽ ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനും പൊട്ടിക്കാനുമാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. 7, 8 തീയതികളിൽ രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും സർട്ടിഫൈഡ് ഹരിത പടക്കങ്ങൾ പൊട്ടിക്കാനാണ് അനുമതി. ന​ഗരത്തിലെ പ്രധാന വിൽപന കേന്ദ്രമായ സദർ ബസാറിലെ കാഴ്ചയാണിത്. മാർക്കറ്റിൻ്റെ ഒരുഭാഗത്ത് നിറയെ പടക്കങ്ങളാണ് വിൽപന, ഹരിത പടക്കങ്ങൾ മാത്രമാണ് വിൽക്കുന്നത് എന്നാണ് കടക്കാർ പറയുന്നത്.

ഏറ്റവും കൂടുതൽ കണ്ട രണ്ട് മോഡൽ പടക്കങ്ങൾ വാങ്ങി നോക്കി. ഹരിത പടക്കങ്ങളുടെ പാക്കറ്റിന് മുകളിൽ തിരിച്ചറിയാനുള്ള ക്യുആർ കോഡ് പ്രിന്റ് ചെയ്യണമെന്നാണ് നിർദേശം, എന്നാൽ ഹരിത പടക്കം എന്നെഴുതിയിട്ടുണ്ട്, പലതും പച്ച നിറമുള്ള പാക്കറ്റുമാണ്, പക്ഷെ ക്യുആർ കോഡ് മാത്രം ഇല്ല. വ്യാജ ഹരിത പടക്കമാണെന്ന് ചുരുക്കം.

മറ്റൊരു പ്രധാന പടക്ക വിൽപന കേന്ദ്രമായ ജമാ മസ്ജിദ് പരിസരത്തും പോയി നോക്കി, പ്രധാനപ്പെട്ട പടക്ക കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്, ഒരെണ്ണം പോലും തുറന്നിട്ടില്ല. എന്താണ് കാരണമെന്ന് കടയുടമകൾ പറയുന്നില്ല, ഹരിത പടക്കങ്ങൾ സ്റ്റോക്കില്ലാത്തതിനാലാണെന്നാണ് സൂചന. പക്ഷെ ചില കടകളുടെ മുന്നിൽ പടക്കങ്ങൾ ചാക്കിട്ട് മൂടി വച്ചിട്ടുണ്ട്. ഏജൻ്റുമാർ വഴി ശ്രമിച്ചാൽ ഇവിടെനിന്നും പടക്കങ്ങൾ കിട്ടുമെന്നാണ് വിവരം.

ചുരുക്കത്തിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാനും വിൽക്കാനും നൽകിയ ഇളവിൻ്റെ മറവിൽ ദില്ലിയിൽ വിൽക്കുന്നത് ഭൂരിഭാഗവും സാധാരണ പടക്കങ്ങൾ തന്നെയാണ്. ഇതിനോടകം പടക്ക കടകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മുഴുവൻ വ്യാജ ഹരിത പടക്കങ്ങളാണെന്ന് അധികൃതരും സമ്മതിക്കുന്നു. ദീപാവലി ആഘോഷങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് ദില്ലിയിലെ വായുമലിനീകരണ തോത് ഇരട്ടിയായി ഉയർന്നത്. വ്യാജ ഹരിത പടക്കങ്ങൾ കൂടി വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്നതോടെ സ്ഥിതി ​ഗുരുതരമാകുമെന്ന് ഉറപ്പാണ്.

YouTube video player