കണ്ണന്താനത്തെ ഒഴിവാക്കി ; വി മുരളീധരൻ കേന്ദ്രമന്ത്രിയാകും

By Web TeamFirst Published May 30, 2019, 3:47 PM IST
Highlights

കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം ഉറപ്പായി. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.

ദില്ലി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്.  മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ്  അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാൽ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. 

വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ് മന്ത്രി പദവിയെന്നുമാണ് വി മുരളീധരന്‍റെ പ്രതികരണം. 

click me!