Asianet News MalayalamAsianet News Malayalam

Vaccine : 2010ൽ ജനിച്ചവ‍ർക്കെല്ലാം രജിസ്റ്റർ ചെയ്യാം, പക്ഷേ 12 വയസ് പൂർത്തിയായാൽ മാത്രം വാക്സിൻ: ആരോഗ്യമന്ത്രി

2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Health Minister Veena George says Kerala ready to vaccinate children between ages of 12 to 14
Author
Thiruvananthapuram, First Published Mar 15, 2022, 6:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ (Covid Vaccination) നാളെ മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ അറിയിപ്പ് പൂർണരൂപത്തിൽ

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. അതിനാല്‍ വാക്‌സിനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്.

2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര പോര്‍ട്ടലായ കോവിന്നില്‍ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സംവിധാനം ആയിട്ടില്ല. അതിന് ശേഷമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

സംസ്ഥാനത്ത് നാളെ മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഎംഒമാര്‍, ആര്‍സിഎച്ച് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

12 നും 14 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷന്‍; മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

Follow Us:
Download App:
  • android
  • ios