കാത്തിരിപ്പ് ഇനിയും നീളും, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വൈകും; ഫർണിഷിംഗിലും നിർമ്മാണ നിലവാരത്തിലും തകരാറുകൾ കണ്ടെത്തി

Published : Nov 03, 2025, 12:08 PM IST
Vande Bharat sleeper

Synopsis

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് വൈകാൻ സാധ്യത. ഫർണിഷിംഗിലെയും നിർമ്മാണത്തിലെയും നിലവാരക്കുറവാണ് പ്രധാന കാരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാകിയ ശേഷം മാത്രമാകും സർവീസ് ആരംഭിക്കുക.

ദില്ലി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സംവിധാനമായ വന്ദേ ഭാരതിന്‍റെ സ്ലീപ്പർ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് നീളാൻ സാധ്യത. ഫർണിഷിംഗിലെയും നിർമ്മാണ നിലവാരത്തിലെയും പ്രശ്‌നങ്ങളാണ് ഈ കാലതാമസത്തിന് കാരണമായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടുന്നത്. ബെർത്ത് ഏരിയയിലെ മൂർച്ചയുള്ള അരികുകളും കോണുകളും, ജനൽ കർട്ടൻ ഹാൻഡിലുകൾ, ബെർത്ത് കണക്റ്ററുകൾക്കിടയിലുള്ള വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള 'പിജിയൻ പോക്കറ്റുകൾ' എന്നിവയുമായി ബന്ധപ്പെട്ട് പലയിടത്തും ഫർണിഷിംഗിലും നിർമ്മാണ നിലവാരത്തിലും പ്രശ്നങ്ങളുണ്ടെന്ന് റെയിൽവേ ബോർഡ് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ ഡയറക്ടർ ജനറലിനും എല്ലാ റെയിൽവേ സോണുകളിലെയും ജനറൽ മാനേജർമാർക്കും അയച്ച കത്തിൽ പറയുന്നു.

നിലവിലെ ബോഗികളിലും ഭാവിയിലുള്ളവയിലും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്നതിന് ആർഡിഎസ്ഒ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് റെയിൽവേ ബോർഡ് സോണുകൾക്ക് നിർദ്ദേശം നൽകി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം

ഏതെങ്കിലും പുതിയ ട്രെയിനിന് ആർഡിഎസ്ഒയുടെ അന്തിമ അനുമതി ലഭിച്ചാൽ, ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് ശുപാർശ കൈമാറുകയാണ് പതിവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ കാര്യത്തിൽ, ട്രയൽ സമയത്ത് സിസിആർഎസ് ഉന്നയിച്ച കാര്യങ്ങളിലെ പരിഹാരം സംബന്ധിച്ച വിവരങ്ങൾ 2025 സെപ്റ്റംബർ ഒന്നിന് ആർഡിഎസ്ഒ കൈമാറിയിരുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ റൂട്ട് ഇതുവരെ അന്തിമമാക്കാത്ത സാഹചര്യത്തിലാണ് ഒക്ടോബർ 28ലെ കത്ത് എല്ലാ സോണുകൾക്കും അയച്ചത്.

പരിഹരിക്കേണ്ട പ്രധാന വിഷയങ്ങൾ

റെയിൽവേ മന്ത്രാലയം ചില പ്രധാന വിഷയങ്ങളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ചു നിർദ്ദേശിച്ചിട്ടുണ്ട്:

1. അഗ്നി സുരക്ഷാ നടപടികൾ

2. കവച് 4.0 സംവിധാനം സ്ഥാപിക്കൽ

3. ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർ തമ്മിലുള്ള വിശ്വസനീയമായ കമ്മ്യൂണിക്കേഷൻ സിസ്റ്റം

4. എല്ലാതരം ബ്രേക്ക് സംവിധാനങ്ങളുടെയും ശരിയായ പരിപാലനം

5. അടിയന്തിര സാഹചര്യങ്ങളിൽ 15 മിനിറ്റിനുള്ളിൽ സെമി-പെർമനന്‍റ് കപ്ലർ വേർപെടുത്താൻ ലോക്കോ പൈലറ്റുമാർക്ക് പരിശീലനം നൽകുക. ഇതിന് ആവശ്യമായ ഉപകരണങ്ങൾ ഡ്രൈവർ/ഗാർഡ് ടൂൾ കിറ്റിന്‍റെ ഭാഗമാക്കണം.

6. പുറത്തെ താപനിലയും ഡോറുകൾ ഇടയ്ക്കിടെ തുറക്കുകയും അടക്കുകയും ചെയ്യുന്നത് പരിഗണിച്ച് യാത്രക്കാർക്ക് സുഖകരമായ താപനില കോച്ചുകളിൽ നിലനിർത്തണം.

യാത്രയ്ക്കിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളും അടിയന്തിര സാഹചര്യങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ച സാങ്കേതിക ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരല്ലാത്ത എല്ലാവരും ഇറങ്ങണമെന്ന് പി എ സിസ്റ്റം വഴി പതിവായി അറിയിപ്പുകൾ നൽകണം.

യാത്രയ്ക്കിടെ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് യാത്രക്കാർക്ക് അവബോധം നൽകുന്നതിന് മൂന്ന് ഭാഷകളിൽ (പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ്) മുൻകൂട്ടി റെക്കോർഡ് ചെയ്ത സുരക്ഷാ അറിയിപ്പുകൾ നൽകണം.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റിന്‍റെ അറ്റകുറ്റപ്പണികൾക്കായി യോഗ്യതയുള്ളതും സമർപ്പിതരുമായ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും, അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സ്പെയർ പാർട്സുകളും മറ്റ് സാധനങ്ങളും ആവശ്യമായ അളവിൽ ഉറപ്പാക്കണമെന്നും മന്ത്രാലയം സോണുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച