സ്ഥിരം അവധിയെടുക്കുന്ന ഇമാം, മദ്രസയിൽ പരിശോധന നടത്തിയ പൊലീസിന് കിട്ടിയത് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ; പ്രദേശവാസികൾക്ക് ഞെട്ടൽ

Published : Nov 03, 2025, 11:32 AM IST
fake notes madyapradesh madrasa

Synopsis

മധ്യപ്രദേശിലെ ഖണ്ഡ്‌വയിലെ ഒരു മദ്രസയിൽ നിന്ന് പോലീസ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ മാലേഗാവിൽ വെച്ച് മദ്രസയിലെ ഇമാം കള്ളനോട്ടുമായി പിടിയിലായതിനെ തുടർന്നായിരുന്നു റെയ്ഡ്. 

ഖണ്ഡ്‌വ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിലെ ഒരു ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ 20 ലക്ഷം രൂപയോളം വിലവരുന്ന കള്ളനോട്ടുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ മാലേഗാവിൽ വെച്ച് പ്രാദേശിക ഇമാം കള്ളനോട്ടുമായി പിടിയിലായതിനെത്തുടർന്നാണ് ഖണ്ഡ്‌വ ജില്ലയിലെ ഗ്രാമത്തിൽ റെയ്ഡ് നടന്നത്. ഞായറാഴ്ച വൈകുന്നേരം മദ്രസയിൽ പൊലീസ് സംഘം തിരച്ചിലിനായി എത്തിയത് പ്രദേശവാസികളെ ഞെട്ടിച്ചു. ഇമാമിന്‍റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 500 രൂപയുടെയും 200 രൂപയുടെയും കെട്ടുകൾ അടങ്ങിയ ഒരു ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

കേസിൽ പ്രതിയായ സുബൈർ അൻസാരിയെ മൂന്ന് മാസം മുമ്പാണ് മദ്രസയിൽ ഇമാമായി നിയമിച്ചത്. ബുർഹാൻപൂർ സ്വദേശിയായ ഇയാൾ ജോലിയിൽ പ്രവേശിച്ച ശേഷം ഇടയ്ക്കിടെ അവധി എടുത്തിരുന്നു. ഒക്ടോബർ 26ന് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഗ്രാമം വിട്ടുപോയ ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല. ദിവസങ്ങൾക്കകം ഇയാൾ മാലേഗാവിൽ അറസ്റ്റിലായെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് പ്രദേശവാസികൾ അറിഞ്ഞത്.

മാലേഗാവ് അറസ്റ്റ്, ഖണ്ഡ്‌വയിലെ ബന്ധം

ഒക്ടോബർ 29ന് കള്ളനോട്ടുമായി രണ്ട് പേർ യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മാലേഗാവ് പൊലീസ് സുബൈറിനെയും ബുർഹാൻപൂർ സ്വദേശിയായ നാസിം അൻസാരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈ-ആഗ്ര ഹൈവേയിലെ ഹോട്ടൽ ഏവണിനടുത്ത് വെച്ച് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 10 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. സുബൈറിന്‍റെ പശ്ചാത്തലം പരിശോധിച്ച മാലേഗാവ് പൊലീസ് ഖണ്ഡ്‌വ അധികൃതർക്ക് വിവരങ്ങൾ കൈമാറി. തുടർന്നാണ് പൈത്തിയ മദ്രസയിൽ റെയ്ഡ് നടത്തുകയും ഏകദേശം ഇരട്ടി തുക വരുന്ന കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തത്.

അന്വേഷണം പുരോഗമിക്കുന്നു

പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ആകെ മൂല്യം ഏകദേശം 19 ലക്ഷം രൂപയാണെന്ന് അഡീഷണൽ എസ് പി മഹേന്ദ്ര തർണേക്കർ അറിയിച്ചു. പിടിച്ചെടുത്തവയിൽ അധികവും 500 രൂപയുടെ നോട്ടുകളായിരുന്നു, കുറച്ച് 200 രൂപയുടെ കെട്ടുകളും കണ്ടെടുത്തു. മാലേഗാവ് അറസ്റ്റിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, ഗ്രാമവാസികൾ സുബൈറിനെ തിരിച്ചറിയുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ജവാർ പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ത്യൻ ന്യായ സംഹിതയുടെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വലിയ ശൃംഖലയെ സംശയിക്കുന്നു

ഈ കള്ളനോട്ട് റാക്കറ്റിന്‍റെ വ്യാപ്തി എത്രത്തോളമുണ്ടെന്നും അതിന്‍റെ പ്രവർത്തനത്തിൽ ഇമാമിന്റെ പങ്ക് എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ശൃംഖല വഴിയാണോ കള്ളനോട്ടുകൾ പ്രചരിപ്പിച്ചത് അതോ പ്രാദേശികമായി അച്ചടിച്ചതാണോ എന്നും അന്വേഷണത്തിലൂടെ കണ്ടെത്താനാണ് ശ്രമം. പ്രതിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മദ്രസ കമ്മിറ്റി അറിയിച്ചു. സുബൈറിന്‍റെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് പൈത്തിയ മസ്ജിദ് കമ്മിറ്റി തലവൻ കലീം ഖാൻ വ്യക്തമാക്കി. മാലേഗാവ് പൊലീസ് പ്രതികളെ ചോദ്യം ചെയ്യുന്നത് പൂർത്തിയാക്കിയാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'