
ദില്ലി: ട്രെയിനിൽ കുടിവെള്ള ബോക്സ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ തമ്മിൽ തല്ലി വന്ദേഭാരത് ജീവനക്കാർ. ദില്ലിയിലെ ഹസ്റത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പുലർച്ചെ പുറപ്പെടാനുള്ള ഖജുരാഹോ വന്ദേഭാരതിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ചവറ്റുകൂനകളും കയ്യിൽ കിട്ടിയ വടികളും, ചെരിപ്പും, ബെൽട്ടുകളും ഊരിയെടുത്തായിരുന്നു ചേരി തിരിഞ്ഞ് ജീവനക്കാർ ഏറ്റുമുട്ടിയത്. തമ്മിൽ തല്ലിനിടെ യാത്രക്കാർ അടി വാങ്ങാതിരിക്കാൻ ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏഴാ പ്ലാറ്റ്ഫോമിലായിരുന്നു സംഘർഷമുണ്ടായത്. പാൻട്രി അസിസ്റ്റന്റുമാർ തമ്മിൽ വെള്ളം ട്രെയിനിലേക്ക് എടുത്ത് വയ്ക്കുന്നതിനിടിലുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നാണ് റെയിൽവേ പൊലീസ് വിശദമാക്കുന്നത്.
എന്നാൽ വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ റെയിൽവേ സ്റ്റേഷൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രശ്നം ശ്രദ്ധയിൽ വന്നതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വിശദമാക്കി. അടി തുടങ്ങി വച്ച നാല് ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഐഡി കാർഡുകൾ മരവിപ്പിച്ചതായി റെയിൽവേ പൊലീസ് വിശദമാക്കി. ജോലിയിൽ നിന്ന് പിരിച്ച് വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും ഇവർക്ക് നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ഇവരിൽ നിന്ന് പിഴയീടാക്കാനും നിർദ്ദേശം നൽകിയതായാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വിശദമാക്കുന്നത്.