
ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും തൊട്ടുമുൻപ് വന്ദേ മാതരം ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും വന്ദേ മാതരത്തിൻ്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്നാണ് നിർദേശം. ഈ സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്‌കൂൾ അസംബ്ലികളിലും, വന്ദേ മാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേ മാതരം ആലപിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.
ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാദം. ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികളിലും മറ്റ് ചടങ്ങുകളിലും രാഷ്ട്രപതിയുടെ ആഗമനത്തിന് മുൻപും ശേഷവും, പ്രസിഡന്റ് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും വന്ദേ മാതരം ആലപിക്കും. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഇത് പാലിക്കണം. ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോഴും കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവുകളോടെ നടത്തുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിർദേശം.
പൊതുചടങ്ങുകളിൽ വന്ദേ മാതരം വരികൾ അച്ചടിച്ച് സദസിൽ വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. സ്കൂളുകളിൽ പ്രവർത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം തുടങ്ങാൻ. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മാതൃരാജ്യത്തോടുള്ള അഭിവാദനമെന്ന നിലയിലാണ് വന്ദേ മാതരം ആലപിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. 2025 ഡിസംബറിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം ചൂടേറിയ ചർച്ചയായി മാറിയിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണപക്ഷത്തെ നയിച്ചത്. ദേശീയ ഗാനത്തിലെ വരികൾ കോൺഗ്രസ് വെട്ടിമാറ്റിയെന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam