ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിനൊടുവിൽ ജെഎസ്എസ്‍സി - സിജിഎൽ പരീക്ഷ റദ്ദാക്കി സർക്കാർ. ടിഡിപിഎൽ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. സമരപ്പന്തലിൽ ആഹ്ലാദം.

റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്ട്മെൻ്റ് പരീക്ഷാ ക്രമക്കേടുകളിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഹേമന്ത് സോറൻ്റെ നേതൃത്വത്തിലുള്ള സ‍ർക്കാർ. ലഖ്നൗ കേന്ദ്രീകരിച്ചുള്ള ടിഡിപിഎൽ (TDPL) കമ്പനിയുടെ നേതൃത്വത്തിൽ ജാർഖണ്ഡിൽ നടന്ന എല്ലാ പരീക്ഷകളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജാ‍ർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‍സി), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി - കംബൈൻഡ് ​ഗ്രാജ്വേറ്റ് ലെവൽ (ജെഎസ്എസ്‍സി - സിജിഎൽ) പരീക്ഷകളും റദ്ദാക്കി. 2014 മുതലുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടുകളിൽ സമ​ഗ്രമായ അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരപ്പന്തലിൽ ആഹ്ലാദം.

ടിഡിപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ അറിയിച്ചു. പ്രസിദ്ധീകരിച്ച ഫലങ്ങളും നിയമനങ്ങളും അസാധുവാക്കി. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2014 മുതൽ ഉണ്ടായിട്ടുള്ള ചെറുതോ വലുതോ ആയ എല്ലാ വീഴ്ചകളെക്കുറിച്ചും സിഐഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുതി‍ർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ അമിതാഭ് കൗഷലിൻ്റെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കരണ സമിതിയെ രൂപീകരിക്കുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പരീക്ഷാ ക്രമക്കേടിൽ നടന്ന അന്വേഷണത്തിൽ അനേകം അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ദേവേന്ദ്ര മാഹ്തോ നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ മുഖമായിരുന്നു ദേവേന്ദ്ര മാഹ്തോ. അതേസമയം പ്രതിഷേധം അവസാനിപ്പിക്കുന്നതിൽ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തു. ബാക്കിയെല്ലാം ആവശ്യങ്ങളും അംഗീകരിച്ച സർക്കാരിന് നന്ദി അറിയിക്കുന്നതായും അവർ അറിയിച്ചു.