
ദില്ലി: രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതൽ പ്രവൃത്തികൾ വരിക. അതേസമയം തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം കൂലി ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കൂയെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോള്‍ സംസ്ഥാനങ്ങൾക്കിത് വലിയ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
പേരിലെ മാറ്റത്തിനൊപ്പം പദ്ധതിയിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. കേന്ദ്രീകൃത പോർട്ടൽ വഴി തൊഴിലാളികൾക്ക് രാജ്യത്ത് എവിടെയിരുന്നും ജോലി ആവശ്യപ്പെടാം. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ നൽകണമെന്നാണ് വ്യവസ്ഥ. അത് നടന്നില്ലെങ്കില്‍ സംസ്ഥാന സർക്കാർ തൊഴിലാളിക്ക് തൊഴിലില്ലായ്മ വേതനം നൽകേണ്ടിവരും. തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് കൂലി നേരിട്ട് ആഴ്ചാടിസ്ഥാനത്തിലോ പരമാവധി 15 ദിവസത്തിനകമോ കൈമാറണം. കാലതാമസം വരുത്തിയാൽ പ്രതിദിനം 0.05% നിരക്കിൽ നഷ്ടപരിഹാരം നൽകണമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികളുടെ കൂലി കേന്ദ്ര സർക്കാരാണ് തീരുമാനിക്കുന്നത്. ഈ നിരക്ക് തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഇല്ല
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് പ്രവൃത്തികൾ വരിക. ഈ വിഭാഗങ്ങളിലായുള്ള 318 പ്രവർത്തികളുടെ കരട് പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. ഇനി മുതല്‍ സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമിയിലെ ജോലികൾ അനുവദിക്കില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതല പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിക്കാണ്. പണികളുടെ പരിശോധന പഞ്ചായത്ത് തലത്തിലാണ് നടക്കുക. പഞ്ചായത്ത് സെക്രട്ടറി നൽകുന്ന തൊഴില്‍ കാർഡിൻ്റെ കാലാവധി മൂന്നുവർഷമാണ്. കാലാവധി പൂർത്തിയായാൽ പുതുക്കാം.
പണിയെടുത്തുവെന്ന വ്യാജ രേഖകള്‍ ഉണ്ടാക്കാനാവില്ല. ക്രമക്കേടുകൾ തടയുന്നതിനായി ബയോമെട്രിക് പഞ്ചിംഗ്, ജിയോസ്പേഷ്യൽ ട്രാക്കിംഗ്, തത്സമയ ഡാഷ്‌ബോർഡുകൾ എന്നിവ പദ്ധതിയിൽ നിർബന്ധമാക്കിയിട്ടുണ്ട്. കായികാധ്വാനം ഏറെ വേണ്ട പണികളാണ് വിബിജി റാംജിയിലെ പട്ടികയിലുള്ളത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 22 ലക്ഷം തൊഴിലാളികളില്‍ 40 ശതമാനവും 60 വയസിന് മുകളിലുള്ളവരായതിനാല്‍ അത് പ്രശ്നമായേക്കാം. പുതിയ പദ്ധതി പ്രകാരം സാധാരണ സംസ്ഥാനങ്ങളിൽ കേന്ദ്ര-സംസ്ഥാന ഫണ്ട് വിഹിതം 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ആണ്. വടക്കുകിഴക്കൻ-ഹിമാലയൻ സംസ്ഥാനങ്ങളിൽ ഇത് 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളും പങ്കിടേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam