
ദില്ലി: ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പർ തന്നെ വേണം. ഇതിനായി ലക്ഷങ്ങൾ പൊടിക്കാനും പലർക്കും മടിയില്ല. പക്ഷേ ഇത്തവണ അത് കോടി കടന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വിലകൂടിയ രജിസ്ട്രേഷൻ നമ്പർ എന്ന റെക്കോർഡ് ഹരിയാനയിൽ ലേലം ചെയ്ത 'HR88B8888' എന്ന നമ്പറിന് സ്വന്തമായി. 1.17 കോടി രൂപയ്ക്കാണ് ഈ ഫാൻസി നമ്പർ പ്ലേറ്റ് ഓൺലൈൻ ലേലത്തിൽ പോയത്. ഇതുവരെ ഇന്ത്യയിൽ വിറ്റഴിച്ച വാഹന രജിസ്ട്രേഷൻ നമ്പറുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്.
ഹരിയാന ട്രാൻസ്പോർട്ട് വകുപ്പ് എല്ലാ ആഴ്ചയും വിഐപി നമ്പറുകൾക്കായി ഓൺലൈൻ ലേലം നടത്താറുണ്ട്. ഈ ആഴ്ച ലേലത്തിന് വെച്ച 'HR88B8888' എന്ന നമ്പറിനായി 45 അപേക്ഷകളാണ് ലഭിച്ചത്.50,000 രൂപയായിരുന്നു അടിസ്ഥാന ലേലവിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. ലേലം വിളി മുറുകിയതോടെ വില വളരെ പെട്ടന്ന് തന്നെ കുതിച്ച് കയറി. അവസാനം ലേലം അവസാനിപ്പിച്ചപ്പോൾ ഫാൻസി നമ്പറിന്റെ വില കോടി കടന്നു. 1.17 കോടിക്കാണ് 'HR88B8888' എന്ന നമ്പർ വിറ്റുപോയത്. 'B' എന്ന ഇംഗ്ലീഷ് അക്ഷരം '8' എന്ന അക്കത്തിന് സമാനമായി തോന്നുന്നതിനാൽ, ഇത് തുടർച്ചയായ എട്ടുകളുടെ ഒരു നിര പോലെയാണ് കാണുക. ഇതാണ് ഈ നമ്പറിന് വില കുതിച്ചുയരാൻ കാരണം. ലേലത്തില്‍ ഈ നമ്പര്‍ നേടിയ വിജയിയെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് പ്രഖ്യാപിക്കുക. 1.17 കോടി രൂപ മുടക്കി സ്വന്തമാക്കിയ നമ്പര്‍ ഏത് വാഹനത്തിനാണ് നല്‍കുന്നതെന്ന കാര്യത്തിലും ആർക്കാണ് കിട്ടിയതെന്ന കാര്യത്തിലും ഇതുവരെയും വ്യക്തതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam