
ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവം നിർഭാഗ്യകരമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. സ്കൂട്ടർ നന്നാക്കാമെന്ന് പറഞ്ഞെത്തിയവരുടെ പെരുമാറ്റത്തിൽ സംശമുണ്ടെന്ന് സഹോദരിയെ ഫോൺ ചെയ്ത് അറിയിക്കുന്നതിന് മുമ്പ് യുവതിക്ക് പൊലീസിനെ വിളിച്ചറിയിക്കാമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സഹായത്തിനായി പൊലീസിനെ വിളിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദാരുണസംഭവം നടക്കില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. പൊലീസ് ജാഗരൂകരാണെന്നും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ അതിയായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ട യുവതി വിദ്യാസമ്പന്നയാണ്. എന്നിട്ടും, 100ൽ വിളിക്കുന്നതിന് പകരം യുവതി സഹോദരിയെയാണ് ബന്ധപ്പെട്ടത്. 100ൽ വിളിച്ചിരുന്നുങ്കിൽ യുവതിക്ക് ജീവൻ രക്ഷിക്കാമായിരുന്നു. വളരെ സൗഹൃദപരമായ നമ്പറാണ് 100. ഇതുസംബന്ധിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തെലങ്കാന ഷംസാബാദ് സ്വദേശിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; നവാബ്പേട്ടിലെ ക്ലിനിക്കിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ ത്വക്ക് രോഗവിദഗ്ധനെ കാണുന്നതിനായി പുറപ്പെട്ട യുവതിയുടെ സ്കൂട്ടർ വഴിയിൽവച്ച് കേടായി. തുടർന്ന് ഷംസാബാദിലുള്ള ടോൾഗേറ്റിനടുത്ത് സ്കൂട്ടർ നിർത്തിയിട്ട് യുവതിയൊരു കാറ് പിടിച്ച് ഡോക്ടറുടെ അടുത്തുപോയി. രാത്രി ഒമ്പത് മണിക്ക് സ്ഥലത്തെത്തിയപ്പോൾ സ്കൂട്ടറിന്റെ രണ്ട് ടയറുകളും പഞ്ചറായതായി കണ്ടു.
Read More:26കാരിയായ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു
സ്ഥലത്ത് നിരവധി ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നും ഇവരുടെ പെരുമാറ്റത്തിൽ തനിക്ക് സംശമുണ്ടെന്നും തനിച്ച് നിൽക്കാൻ പേടിയാകുന്നുവെന്നും യുവതിയെ സഹോദരിയെ വിളിച്ച് പറഞ്ഞിരുന്നു. 9.15നായിരുന്നു സഹോദരിയെ അവസാനമായി ഫോണിൽ വിളിക്കുന്നത്. ഇതിനിടെ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് രണ്ടുപേർ യുവതിയെ സമീപിച്ചു. സ്കൂട്ടർ ശരിയാക്കുന്നതിനായ പോയവരെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയെ ആക്രമിസംഘം ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത്. തുടർന്ന് യുവതിയെ കൊന്ന് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിൽ രാത്രി തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രക്ക് ജീവനക്കാരായ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിവായി ഇവിടെയെത്തുന്ന ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് യുവതിക്കെതിരെ ആക്രമണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്കൂട്ടർ നന്നാക്കാൻ കൊണ്ടുപോയവർ തന്നെയാണ് ഇവരെന്നാണ് വിവരം. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം, എന്തെങ്കിലും പ്രശ്നം നേരിടാനോ അപകടകരമായ സംഭവം നടക്കാന്‍ പോകുകയാണെന്നോ ഉള്ള സംശയം തോന്നുകയാണെങ്കിൽ തീർച്ചയായും പൊലീസിനെ വിവരമറിയിക്കണമെന്ന് തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി പറഞ്ഞു. ഒരു സ്ഥലത്ത് ഒറ്റപ്പെടുകയോ വണ്ടി തകരാറിലാകുകയോ ചെയ്താലും പൊലീസിനെ വിവരമറിയിക്കണം. സഹായിത്തിനായി നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഞങ്ങളുണ്ടെന്നും ഡിജിപി മഹേന്ദർ റെഡ്ഡി ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam