ഹൈദരാബാദ്: ഹൈദരാബാദിൽ യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറാണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്.

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഷംസാബാദ് സ്വദേശിയായ മൃഗഡോക്ടറുടേതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കൊലപാതകമെന്ന് വ്യക്തമാക്കിയ പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: നവാബ്പേട്ടിലെ ക്ലിനിക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. വഴിയിലുളള ടോൾഗേറ്റിനടുത്താണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്. രാത്രി ഒൻപതരക്ക് ഇവിടെയെത്തിയപ്പോൾ ടയർ കേടായത് കണ്ടു. സ്ഥലത്ത് നിരവധി ട്രക്ക് ഡ്രൈവർമാർ ഉണ്ടെന്നും തനിച്ച് നിൽക്കാൻ  പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച് പറഞ്ഞു. ഇതിനിടെ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേർ എത്തി. 

26കാരിയായ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു

യുവതി ഇത് സ്വീകരിച്ചു. സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവർ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം സമീപത്തെ അടിപ്പാതയിൽ വച്ച് തീകൊളുത്തി.ട്രക്കുകൾ നിർത്തിയിട്ടിരുന്നതിനാൽ റോഡിലൂടെ പോകുന്നവർ സംഭവം അറിഞ്ഞില്ല. യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

ട്രക്ക് ജീവനക്കാരായ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിവായി ഇവിടെയെത്തുന്ന ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്കൂട്ടർ നന്നാക്കാൻ കൊണ്ടുപോയവർ തന്നെയാണ് ഇവരെന്നാണ് വിവരം.സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.