മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ നിന്ന് വിഎച്ച്പി നേതാവിനെ മാറ്റിനിർത്തി, എസ്ഐടി അന്വേഷണം; അയോധ്യയിൽ 60 കിലോ വെള്ളി കട്ടകൾ കാണാതായി

Published : Jun 21, 2026, 09:31 AM IST
ram temple ayodhya

Synopsis

അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഭക്തർ സമർപ്പിച്ച വഴിപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേടും ഫണ്ട് തിരിമറിയും നടന്നെന്ന ആരോപണത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച സംഘം ക്ഷേത്ര ഭാരവാഹികളെയും പൂജാരിമാരെയും ചോദ്യം ചെയ്തുവരികയാണ്.

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേടും ഫണ്ട് തിരിമറിയും നടന്നതായുള്ള പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തൽ. ക്ഷേത്രത്തിലെ ശേഖരത്തിൽ നിന്നും 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായും ഇവയുടെ യാതൊരുവിധ രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ 'പ്രാൺ പ്രതിഷ്ഠ' സമയത്ത് രാം ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഈ വെള്ളി കട്ടകളുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഈ വെള്ളി കട്ടകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതർക്ക് ഇതുവരെ ഇതിന്‍റെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. വെള്ളി കട്ടകൾ സ്വീകരിച്ചത്, സൂക്ഷിച്ചുവെച്ചത് അല്ലെങ്കിൽ ഉപയോഗിച്ചത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. എന്നാൽ ഈ വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ തങ്ങളുടെ പക്കൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്‍റെ കൃത്യമായ രസീത് ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. രാജ്യത്തുടനീളമുള്ള സ്വർണ്ണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകൾ തയാറാക്കി ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് ഇവ കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാതായ വെള്ളി കട്ടകൾ നിലവിൽ എവിടെയാണെന്നും അവ ഔദ്യോഗിക സ്റ്റോക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായി രാംശങ്കർ യാദവ് എന്ന ടിന്നു, കൃഷ്ണദേവ് തിവാരി എന്നിവരെയും രാം ലല്ലയുമായി ബന്ധപ്പെട്ട നാല് പൂജാരിമാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ആഭരണങ്ങളുടെയും വഴിപാടുകളുടെയും മേൽനോട്ട ചുമതലയുള്ള തിവാരി, വെള്ളി കട്ടകളെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും നിഷേധിച്ചു. കൂടാതെ നിലവിൽ അന്വേഷണ പരിധിയിലുള്ള കാണാതായ മാലയെക്കുറിച്ചോ ഭഗവാന്‍റെ പാദുകങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും അദ്ദേഹം മൊഴി നൽകി.

ലഖ്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല അന്വേഷണസംഘം അടുത്തിടെ കേസ് ഡയറി വിലയിരുത്തുകയും വഴിപാടുകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പരിശോധിക്കുകയും ചെയ്തു. ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും നിലവിലുള്ള ചട്ടങ്ങളും സംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

ക്ഷേത്രത്തിൽ സമർപ്പിച്ച സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ എന്നിവ മാറ്റി പകരം വ്യാജ വസ്തുക്കൾ വെച്ചതായും പണമായി ലഭിച്ച സംഭാവനകൾ വലിയ രീതിയിൽ വകമാറ്റി ചെലവഴിച്ചതായും ഉയർന്ന ആരോപണങ്ങളെത്തുടർന്നാണ് ഈ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ജൂൺ 7-ന് ക്ഷേത്രത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കാണാതായതായി മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദമായത്. വിഷയം കോടതികൾ സ്വമേധയാ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം ഉത്തർപ്രദേശ് സർക്കാർ ജൂൺ 13-നാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭാവനകളുടെ എണ്ണൽ പ്രക്രിയയും ജീവനക്കാരുടെ നിയമനവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫണ്ട് മാനേജ്മെന്റിന്റെ ചുമതലയുള്ള രാമക്ഷേത്ര ട്രസ്റ്റിലെ ഡോ. അനിൽ മിശ്രയെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

വിഷയം ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന് കാരണമായിരിക്കുകയാണ്. അതിനിടെ വെള്ളിയാഴ്ച അയോധ്യ സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണ പ്രക്രിയയെ ശക്തമായി ന്യായീകരിച്ചു. ട്രസ്റ്റിന്‍റെ അഭ്യർത്ഥനപ്രകാരമാണ് എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇത് സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനായി 500 വർഷം കാത്തിരുന്ന ഭക്തർക്ക്, അന്വേഷണം പൂർത്തിയാകുന്നതുവരെ വെറും 15 ദിവസം കൂടി കാത്തിരിക്കാമെന്നും കണ്ടെത്തുന്നതിന് മുൻപ് അയോധ്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കോടിക്കണക്കിന് രൂപ നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്ര ട്രസ്റ്റ് പിരിച്ചു വിടുമെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തിൽ നിന്ന് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായിയെ മാറ്റി നിർത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാനയാത്രക്കാർ കാത്തിരുന്ന നിർദ്ദേശമെത്തി, ഡിജിസിഎ ഉത്തരവ്, എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം
അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻതട്ടിപ്പ്; ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കും, യോ​ഗി പങ്കെടുത്ത യോ​ഗത്തിൽ നിന്ന് ചമ്പത് റായിയെ മാറ്റി നിർത്തി