
ഡൽഹി: ഡൽഹി എന്ന പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹിയിലെ സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തയച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേര് ഇന്ദ്രപ്രസ്ഥം അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നഗരത്തെ അതിന്‍റെ പുരാതന ചരിത്രവുമായും സംസ്കാരവുമായും ബന്ധിപ്പിക്കണമെന്നാണ് ആവശ്യം.
ഡൽഹി റെയിൽവെ സ്റ്റേഷന്‍റെ പേര് ഇന്ദ്രപ്രസ്ഥം റെയിൽവെ സ്റ്റേഷൻ എന്ന് മാറ്റണം, ഷാജഹാനാബാദ് ഡെവലപ്‌മെന്‍റ് ബോർഡിന്‍റെ പേര് ഇന്ദ്രപ്രസ്ഥം ഡെവലപ്‌മെന്‍റ് ബോർഡ് എന്നാക്കണം എന്നിവയാണ് കത്തിലെ മറ്റ് ആവശ്യങ്ങൾ. വിഎച്ച്പി ഡൽഹി പ്രാന്ത് സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്തയാണ് കത്ത് നൽകിയത്. മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള ഇന്ദ്രപ്രസ്ഥം എന്ന പേര് സ്വീകരിക്കണമെന്നാണ് ആവശ്യം.
"പേരുകൾ വെറുതെ മാറ്റുന്നതല്ല. അവ ഒരു രാജ്യത്തിന്‍റെ ബോധമനസ്സിനെ പ്രതിഫലിക്കുന്നു. നമ്മൾ ഡൽഹി എന്ന് പറയുമ്പോൾ 2000 വർഷത്തെ ചരിത്രം മാത്രമാണുള്ളത്. എന്നാൽ ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോൾ, 5000 വർഷം നീണ്ടുനിൽക്കുന്ന മഹത്തായ ചരിത്രവുമായാണ് നമ്മൾ ആ സ്ഥലത്തെ ബന്ധപ്പെടുന്നത്"- കത്തിൽ പറയുന്നു.
ഡൽഹിയിലെ പൈതൃക യാത്രകളിൽ (ഹെറിറ്റേജ് വോക്ക്) നഗരത്തിന്‍റെ ആകെ ചരിത്രത്തിന്‍റെ സന്തുലിതത്വം ഉറപ്പാക്കാൻ ഹിന്ദു രാജാക്കന്മാരുടെ കോട്ടകൾ, ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു- "അധിനിവേശക്കാരുടെ സ്മാരകങ്ങൾ എവിടെയെല്ലാമുണ്ടോ, അതിനടുത്ത് പാണ്ഡവ കാലഘട്ടത്തിലെ രാജാക്കന്മാർ, സന്യാസിമാർ, സ്ഥലങ്ങൾ എന്നിവയെ പരിചയപ്പെടുത്തുകയും സ്മാരകങ്ങൾ നിർമ്മിക്കുകയും വേണം". വിക്രമാദിത്യന്റെ പേരിൽ ഗംഭീര സ്മാരകവും സൈനിക സ്കൂളും ഡൽഹിയിൽ സ്ഥാപിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. വിക്രമാദിത്യന്‍റെയും ഇന്ദ്രപ്രസ്ഥത്തിന്‍റെയും ചരിത്രം ഡൽഹിയിലെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
അടുത്തിടെ ഡൽഹിയിൽ നടന്ന 'ഇന്ദ്രപ്രസ്ഥ പുനർജാഗ്രൺ സങ്കൽപ്പ് സഭ' എന്ന പരിപാടിയിൽ പണ്ഡിതന്മാരും ചരിത്രകാരന്മാരും പ്രതിനിധികളും നൽകിയ നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്ന് സുരേന്ദ്ര കുമാർ ഗുപ്ത കത്തിൽ വ്യക്തമാക്കി.