
ചെന്നൈ: ചെന്നൈ മെട്രോയുടെ ബ്ലൂ ലൈനിൽ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 5. 45 ഓടെയാണ് സംഭവമുണ്ടായത്. ട്രെയിൻ കുടുങ്ങിയതോടെ യാത്രക്കാർ തുരങ്കത്തിലെ ട്രാക്കിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലെത്തി. വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ബ്ലൂ ലൈനിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്. സെൻട്രൽ മെട്രോയ്ക്കും ഹൈക്കോർട്ട് സ്റ്റേഷനുമിടയിലുള്ള തുരങ്കത്തിലാണ് ട്രെയിൻ കുടുങ്ങിയത്. ട്രെയിനിനുള്ളിൽ പെട്ടന്ന് വൈദ്യുതി നിലച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഏകദേശം 10 മിനിറ്റോളം ട്രെയിൻ യാത്രക്കാരുമായി കിടന്നു. അതിന് ശേഷമാണ് അടുത്തുള്ള ഹൈക്കോർട്ട് സ്റ്റേഷനിലേക്ക് നടന്നുപോകാൻ യാത്രക്കാർക്ക് നിർദ്ദേശം ലഭിച്ചത്. ഇരുട്ടിൽ ട്രാക്കിലൂടെ യാത്രക്കാർ നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ, വൈദ്യുതി നിലച്ചതോ ആകാം ട്രെയിൻ നിശ്ചലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്കുണ്ടായ അസൌകര്യത്തിൽ ചെന്നൈ മെട്രോ റെയിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. മെട്രോ സർവീസുകൾ നിലവിൽ സാധാരണ നിലയിലായതായും ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam