മുൻ അസിസ്റ്റന്‍റ് ആർടിഒയുടെ വീട്ടിലെ രഹസ്യഅറ കണ്ട് ഞെട്ടി വിജിലൻസ്; തുറന്നപ്പോൾ അതിലും ഞെട്ടൽ! കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു

Published : Jul 10, 2026, 08:48 AM IST
assistant rto raid

Synopsis

ഉത്തർപ്രദേശിൽ മുൻ അസിസ്റ്റന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു. ചുവരുകൾക്കുള്ളിൽ നിർമ്മിച്ച രഹസ്യ ലോക്കറുകളിൽ നിന്നടക്കം 35 കോടിയുടെ അവിഹിത സ്വത്തുക്കളാണ് കണ്ടെത്തിയത്. അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.

ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ മുൻ അസിസ്റ്റന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു. ആഗ്രയിൽ എആർടിഒ ആയി ജോലി നോക്കിയിരുന്ന ലളിത് കുമാറിന്‍റെ ലഖ്‌നൗവിലുള്ള വസതിയിലാണ് വിജിലൻസ് സംഘം അതീവ നാടകീയമായ റെയ്ഡ് നടത്തിയത്. പരിശോധനയിൽ 1.62 കോടി രൂപയുടെ കറൻസി നോട്ടുകളും 13 കിലോഗ്രാം സ്വർണ്ണവും 9 കിലോഗ്രാം വെള്ളിയും വിപണിയിൽ കോടികൾ വിലമതിക്കുന്ന രേഖകളും പിടിച്ചെടുത്തു.

ലളിത് കുമാർ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻതോതിൽ നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക കോടതിയിൽ നിന്നും സെർച്ച് വാറണ്ട് വാങ്ങിയാണ് ലഖ്‌നൗവിലെ അലിഗഞ്ചിലുള്ള ഇയാളുടെ ആഡംബര വസതിയിൽ രണ്ട് ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്.

ചുവരുകൾക്കുള്ളിൽ രഹസ്യ ലോക്കറുകൾ; പാസ്‌വേഡ് മറന്നെന്ന് ഉദ്യോഗസ്ഥൻ

വീടിനുള്ളിലെ മുറികളിലും അലമാരകളിലുമായി പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെത്തിയത്. പരിശോധന മുന്നോട്ട് പോയതോടെ വീടിന്‍റെ ചുവരുകൾക്കുള്ളിൽ അതീവ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ വിജിലൻസ് സംഘം കണ്ടെത്തി. ലളിത് കുമാറിന് മാത്രമായിരുന്നു ഈ രഹസ്യ അറകളെക്കുറിച്ച് അറിവുണ്ടായിരുന്നത്. സ്വന്തം കുടുംബാംഗങ്ങൾ പോലും ഇതറിഞ്ഞിരുന്നില്ല. പരിശോധനയ്ക്കിടയിൽ അത്യാധുനിക ഡിജിറ്റൽ ലോക്കർ കണ്ട് വിജിലൻസ് സംഘം ഇതിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ടപ്പോൾ, താൻ പാസ്‌വേഡ് മറന്നുപോയി എന്നായിരുന്നു ലളിത് കുമാറിന്റെ മറുപടി. അന്വേഷണം വൈകിപ്പിക്കാനുള്ള മനഃപൂർവ്വമായ ശ്രമമായിരുന്നു ഇത്. തുടർന്ന് റെയ്ഡ് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടെങ്കിലും, ഒടുവിൽ സാങ്കേതിക വിദഗ്ദ്ധരെ എത്തിച്ച് ഡിജിറ്റൽ സേഫ് വിജയകരമായി തകർക്കുകയായിരുന്നു.

പിടിച്ചെടുത്തത് 35 കോടിയുടെ അവിഹിത സ്വത്തുക്കൾ

സർക്കാർ അംഗീകൃത മൂല്യനിർണ്ണയ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത സ്വർണ്ണം, വെള്ളി, വജ്രാഭരണങ്ങൾ എന്നിവയ്ക്ക് മാത്രം വിപണിയിൽ 20 കോടിയോളം രൂപ വിലമതിക്കുമെന്ന് വ്യക്തമായി. 13 കിലോ സ്വർണ്ണ ബിസ്കറ്റുകളും ബാറുകളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ ലഖ്‌നൗ, ആഗ്ര, നോയിഡ, റായബറേലി, ബാരബങ്കി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇയാളും കുടുംബവും വാങ്ങിയിട്ടുള്ള 15-ഓളം ഭൂമികളുടെയും ആഡംബര വീടുകളുടെയും ഫ്ലാറ്റുകളുടെയും രേഖകളും വിജിലൻസ് കണ്ടെടുത്തു.

ഈ വസ്‌തുവകകൾക്ക് മാത്രം 13 കോടിയിലധികം രൂപ വിലമതിക്കും. കൂടാതെ വിവിധ ബാങ്കുകളിലും മ്യൂച്വൽ ഫണ്ടുകളിലുമായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപ രേഖകൾ, രണ്ട് കാറുകൾ (ടൊയോട്ട ഇന്നോവ, ഹ്യുണ്ടായ് ഐ20), ഒരു റിവോൾവർ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഈ വൻ അഴിമതിക്ക് പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും അടങ്ങുന്ന ഒരു വലിയ മാഫിയ സംഘം തന്നെയുണ്ടെന്നാണ് വിജിലൻസ് സംശയിക്കുന്നത്. നിലവിൽ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് (അഴിമതി നിരോധന നിയമം) പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മികച്ച രീതിയിൽ റെയ്ഡ് പൂർത്തിയാക്കിയ വിജിലൻസ് ടീമിന് യുപി ഡിജിപി ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാംസം, ചിക്കൻ, മത്സ്യം, പാസ്ത, വെണ്ണ, പാൽ....; തിഹാർ ജയിലിലെ മെനു മാറ്റണമെന്ന് രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായ യുഎസ് പൗരൻ
'എരിവും എണ്ണയും'; തിഹാർ ജയിലിലെ ഭക്ഷണം വേണ്ടെന്ന് ഭീകരവാദക്കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ; അമേരിക്കൻ ഭക്ഷണം വേണം, ചെമ്മീൻ, ഒലീവ് ഓയിൽ... നീണ്ടപട്ടിക