
ന്യൂഡൽഹി: തിഹാർ ജയിലിൽ സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പൗരൻ കോടതിയിൽ. ഭീകരപരിശീലനക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മാത്യൂ ആരോൺ വാൻഡെയ്ക്കാണ് പാചകത്തിനുള്ള അനുമതിക്കായി ഡൽഹിയിലെ കോടതിയെ സമീപിച്ചത്. ജയിലിലെ എരിവും എണ്ണയുമുള്ള ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും ഇതുകാരണം തന്റെ ആരോഗ്യം മോശമാവുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ 50 ദിവസമായി മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ല. ഇതുകാരണം ശരീരഭാരം 14 കിലോയോളം കുറഞ്ഞു. ആരോഗ്യം മോശമായി. കാഴ്ചശക്തിയും പ്രതിരോധശേഷിയും ഉൾപ്പെടെ കുറഞ്ഞു. സോയ മിൽക്ക് പോലുള്ളവ കുടിച്ചാണ് ജയിലിൽ കഴിയുന്നത്. ജയിലിൽ വിതരണംചെയ്യുന്ന ഭക്ഷണം കഴിക്കാനാകുന്നില്ല. അതിനാൽ, അമേരിക്കൻ ശൈലിയിലുള്ള ഭക്ഷണക്രമം പിന്തുടരാൻ അനുമതി നൽകണമെന്നും ഇത് പാചകം ചെയ്യാൻ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. തനിക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങളുടെയും സ്റ്റൗ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെയും നീണ്ടപട്ടികയും ഇയാൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇൻഡക്ഷൻ സ്റ്റൗ, പാത്രങ്ങൾ, ചോപ്പർ, റെഡ് മീറ്റ്, ചിക്കൻ, ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ, അരി, പാസ്ത, നൂഡിൽസ്, നിലക്കടല, ഉരുളക്കിഴങ്ങ്, ഉള്ളി, ബീൻസ് തുടങ്ങിയ പച്ചക്കറികൾ, ബ്രെഡ്, ബട്ടർ, ഒലീവ് ഓയിൽ, പാൽ, സോയ മിൽക്ക് തുടങ്ങിയവയെല്ലാം പ്രതി നൽകിയ പട്ടികയിലുണ്ട്. ഇതിന്റെയെല്ലാം മുഴുവൻ ചെലവും പ്രതിയുടെ കുടുംബം വഹിക്കുമെന്നും ഹർജിയിൽ പറയുന്നു.
വ്യാഴാഴ്ച മാത്യൂ ആരോണിന്റെ ഹർജി പരിഗണിച്ച അഡീ. സെഷൻസ് ജഡ്ജ് പ്രശാന്ത് ശർമ തിഹാർ ജയിൽ അധികൃതരോട് മറുപടി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രസ്തുത ഹർജിയിൽ മറുപടി നൽകാനില്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഹർജി ഇനി ജൂലായ് 21-ന് പരിഗണിക്കും.
മ്യാൻമറിൽനിന്ന് മിസോറം വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് മാത്യു ആരോപണും ആറ് യുക്രൈൻ പൗരന്മാരും മാർച്ച് 13-ന് എൻഐഎയുടെ പിടിയിലായത്. അനധികൃതമായി ഇന്ത്യയിലെത്തിയ പ്രതികൾ വിമതഗ്രൂപ്പുകൾക്ക് ആയുധങ്ങൾ നൽകുകയും ആയുധപരിശീലനം ഉൾപ്പെടെ നൽകിയെന്നുമാണ് കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam