മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി; വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും

Published : May 07, 2023, 06:58 PM ISTUpdated : May 07, 2023, 07:24 PM IST
മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി; വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും

Synopsis

 രാജേഷ് കുമാറായിരുന്നു നിലവിൽ മണിപ്പൂരിലെ ചീഫ് സെക്രട്ടറി. 

ഇംഫാല്‍: കലാപത്തിന് പിന്നാലെ മണിപ്പൂരില്‍  ചീഫ് സെക്രട്ടറിയെ മാറ്റി. രാജേഷ് കുമാറിന് പകരം വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും. സുരക്ഷ ശക്തമാക്കിയതോടെ മണിപ്പൂരില്‍ ഇന്ന് സംഘർഷത്തിന് അയവ് വന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാര്‍ നടപടിയെടുക്കണമെന്ന് മലയാളികളായ മെഡിക്കല്‍ വിദ്യാർത്ഥികള്‍ അഭ്യര്‍ത്ഥിച്ചു. മണിപ്പൂരിലെ കലാപം സംസ്ഥാന സർക്കാർ കൈകാര്യം ചെയതതില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചീഫ് സെക്രട്ടറിയുടെ മാറ്റം.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കേയാണ് വിനീത് ജോഷിയെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയാക്കിയത്. കാലാവധി പൂർത്തിയായിരുന്നെങ്കിലും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിന് ഒരു വർഷം കൂടി സർക്കാര്‍ നീട്ടി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് പുറമെ ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും.

കലാപ മേഖലകളില്‍ നിന്ന് ഇതുവരെ 23,000 പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. കലാപത്തിന് പിന്നാലെ മ്യാൻമാറിൽ നിന്ന് വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയോ എന്ന സംശയം അന്വേഷണ ഏജൻസികള്‍ക്കുണ്ട്. ഇതുവരെ കലാപത്തില്‍ മരിച്ചത് 55 പേരാണെന്നാണ് വിവരം. മണിപ്പൂരില്‍ കലാപം നടക്കുന്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്ന വിമർശനത്തെ സർക്കാർ തള്ളി. മണിപ്പൂരില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പ്രധാനമന്ത്രി  പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി ആ‍ർ കെ സിങ് പറഞ്ഞു. സംഘർഷ സാഹചര്യത്തിന് അയവ് വന്നതോടെ  മണിപ്പൂരിലെ കര്‍ഫ്യൂവിൽ ഇന്ന് രാവിലെ ഏഴു മുതല്‍ പത്ത് വരെ   ഇളവ് നല്‍കിയിരുന്നു

മണിപ്പൂരിലുള്ള മലയാളി വിദ്യാർത്ഥികളെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാനുള്ള നടപടികള്‍ സംസ്ഥാന സർക്കാര്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർവകലാശാലയിലെ 9 പേരെ നാളെ നാട്ടിലെത്തിക്കും. ജവഹാർ ലാല്‍ നെഹ്റു മെഡിക്കല്‍ സയൻസിലും  റീജണല്‍ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമുള്ള 35 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുമായി സർക്കാർ ബന്ധപ്പെട്ടുവെങ്കിലും നാട്ടിലേക്ക് എപ്പോള്‍ കൊണ്ടുപോകുമന്ന വിവരം അറിയിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മണിപ്പൂരിലുള്ള   250 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തെലങ്കാന സർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്.  സ്ഥിതി മെച്ചപ്പെട്ടെങ്കിലും ചുരാചന്ദ്പ്പൂരിലും കാങ്പോക്പി , മൊറെയ് തുടങ്ങിയിടങ്ങളില്‍ ഇപ്പോഴും സംഘർഷ സാധ്യതയുണ്ടെന്ന് സംസ്ഥാന സുരക്ഷ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറഞ്ഞു. 37 മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും. ഏജന്‍സികള്‍ കുറച്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

മണിപ്പൂർ സംഘർഷം; ആശങ്കയറിയിച്ച് സിബിസിഐ, വീടുകളും പള്ളികളും അ​ഗ്നിക്കിരയാക്കി, സാഹചര്യം ആശങ്കാജനകം

'മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യം'സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും