
ദില്ലി: പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസില്‍ നിന്ന് പിന്മാറി. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് വിനേഷ് ഫോഗട്ടിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. വിനേഷ് ഫോഗട്ടിനെ മറ്റന്നാൾ മുംബൈയിൽ ശസ്ത്രക്രിയ്ക്ക് വിധേയയാക്കും. തനിക്ക് പകരം മറ്റൊരാളെ അയക്കണമെന്ന് വിനേഷ് അവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ട്രയൽസ് ഒഴിവാക്കി വിനേഷിനെ നേരിട്ട് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. വിനേഷിന് പകരം അന്തിം പംഘൽ ഇന്ത്യൻ ടീമിലെത്തും. ലോക ജൂനിയർ ചാമ്പ്യൻ കൂടിയാണ് പംഘൽ. അന്തിം പംഘലാണ് വിനേഷിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയത്. പക്ഷേ ഹർജി പരിഗണിച്ച ദില്ലി ഹൈക്കോടതി അത് തള്ളുകയായിരുന്നു.
എന്നാൽ, ആരാധകര്‍ ധാരാളം സംശയങ്ങൾ വിനേഷിന്‍റെ പിൻമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഉന്നയിക്കുന്നുണ്ട്. പരിക്കേറ്റത് കൊണ്ട് തന്നെയാണോ വിനേഷ് ഫോഗട്ട് പിൻമാറിയതെന്ന സംശയമാണ് പലരും പങ്കുവെയ്ക്കുന്നത്. ബജ്റംഗ് പൂനിയക്കും വിനേഷ് ഫോഗട്ടിനുമാണ് യോഗ്യത മത്സരങ്ങൾ ഒഴിവാക്കികൊണ്ട് തന്നെ നേരിട്ട് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള അനുമതി ദേശീയ ഗുസ്തി ഫെഡറേഷൻറെ അഡ്ഹോക്ക് കമ്മിറ്റി നൽകിയത്.
Read More: ഇന്ത്യന്‍ ടീമിന് സ്ഥിരതയില്ല, ഏഷ്യാ കപ്പില്‍ മുന്‍തൂക്കം പാക്കിസ്ഥാനെന്ന് മുന്‍ പാക് താരം
ഏഷ്യൻ ഗെയിംസിലെ മുൻ വിജയികളായത് കൊണ്ടാണ് ഇവർക്ക് നേരിട്ട് മത്സരിക്കാനുള്ള അനുമതി നൽകിയത്. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രധിനിധികരിച്ചു കൊണ്ട് 53 കീലോ വിഭാഗം വനിതകളുടെ ഗുസ്തി മത്സരത്തിൽ വിനേഷ് ഫോഗട്ട് മത്സരിക്കില്ലെന്ന് ഇതോടെ ഉറപ്പായി. എന്നാൽ ബജ്റംഗ് പൂനിയ ഏഷ്യൻ ഗെയിംസിൽ നിന്ന് പിൻമാറിയതായി അറിയിച്ചിട്ടില്ല.