കന്യാസ്ത്രീകൾക്കെതിരായ അതിക്രമം; അറസ്റ്റിലായ മൂന്ന് പേരും ഹിന്ദു സംഘടനാപ്രവർത്തകർ, കൂടുതൽ അറസ്റ്റുണ്ടാകും

By Web TeamFirst Published Apr 2, 2021, 4:35 PM IST
Highlights

കന്യാസ്ത്രീകൾക്കെതിരെ പരാതി നൽകിയ ഹിന്ദു സംഘടന പ്രവർത്തകൻ അജയ് ശങ്കർ തിവാരി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. എന്നാൽ, പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ലഖ്നൗ: ഝാൻസിയിൽകന്യാസ്ത്രീകൾ അധിക്ഷേപിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരെ ഈ മാസം ആറ് വരെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കന്യാസ്ത്രീകൾക്കെതിരെ പരാതി നൽകിയ ഹിന്ദു സംഘടന പ്രവർത്തകൻ അജയ് ശങ്കർ തിവാരി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. അറസ്റ്റിനെ കുറിച്ച പൊലീസിന്റെ ഭാഗത്ത് നിന്ന് വിവരം ഒന്നും കിട്ടിയിട്ടില്ലെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരുഹൃദയ സഭാ ദില്ലി ഘടകം പ്രതികരിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റെയിൽവേ പൊലീസ് എസ് പി സൗമിത്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഹിന്ദു സംഘടന പ്രവർത്തകരായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവരെ യുപി പൊലീസ് അറസ്റ്റ് ചെയ്യതത്. ഝാൻസി എസ്ഡിഎം കോടതിയിൽ ഹാജരാക്കിയ ഇവരെ ചൊവ്വാഴ്ച്ച വരെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂവരും വിഎച്ച്പി, ഹിന്ദു ജാഗ്രന്‍ മഞ്ച് സംഘടനപ്രവർ‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം കന്യാസ്ത്രീകൾക്ക് ഒപ്പം യാത്ര ചെയ്ത് എബിവിപി പ്രവർത്തകരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എസ് പി സൗമിത്ര യാദവ് വ്യക്തമാക്കി.

ഇതിനിടെ അറസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പൊലീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയെന്നും  തിരുഹൃദയ സഭാ ദില്ലി ഘടകം പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി പൊലീസ് സൂപ്രണ്ടിൻറെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു. സംഭവത്തിൽ ക്രൈസ്തവ സഭകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിൻറെ പ്രതികരണം. 

click me!