
പാറ്റ്ന: ദീപാവലി ദിനത്തിലും ശമ്പളം ലഭിക്കാതെ വന്നതോടെ കുപിതരായ ശുചീകരണ തൊഴിലാളികൾ മാലിന്യം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടിട്ട് പ്രതിഷേധിച്ചു. ബീഹാറിലെ നവാഡ ജില്ലയിലെ രജൗലി നഗർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മാലിന്യം തള്ളിയത്. ദീപാവലിക്ക് മുൻപ് ശമ്പളം കുടിശിക തീർത്ത് നൽകുമെന്ന വാക്ക് അധികൃതർ പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധം. പഞ്ചായത്ത് അധികൃതർ വാക്കുപാലിക്കാത്തതിനാൽ ശുചീകരണ ജോലി നിർത്തിവച്ച തൊഴിലാളികൾ സമരം ശക്തമാക്കി. അഞ്ച് മാസത്തോളമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല.
ശമ്പളം ലഭിക്കാത്തതിനാൽ പ്രദേശത്ത് ദീപാവലിക്ക് നാല് ദിവസം മുൻപ് തന്നെ ശുചീകരണ തൊഴിലാളികൾ സമരം തുടങ്ങിയിരുന്നു. എന്നാൽ ദീപാവലിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ ഉറപ്പ്. ഇതുണ്ടാകാതെ വന്നതോടെ നഗരത്തിൽ നിന്ന് ശേഖരിച്ച ദുർഗന്ധം വമിക്കുന്ന മാലിന്യം ഉന്തുവണ്ടിയിൽ കൊണ്ടുവച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചരിഞ്ഞു. പഞ്ചായത്ത് ചീഫ് കൗൺസിലർ, ഡെപ്യൂട്ടി ചീഫ് കൗൺസിലർ, മറ്റ് പ്രതിനിധികൾക്കെതിരെയും മുദ്രാവാക്യം വിളിച്ച് നഗരത്തിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.
ശനിയാഴ്ച ആരംഭിക്കുന്ന ഛഠ് പൂജയ്ക്ക് മുമ്പ് വേതനം നൽകണമെന്നാണ് ശുചീകരണ തൊഴിലാളികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. ശമ്പളം ലഭിക്കുന്നത് വരെ സമരം തുടരും. തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് കരാറുകാരൻ പഞ്ചായത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും, ഓഫീസിന് മുന്നിൽ മാലിന്യം തള്ളിയ തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് നഗർ പഞ്ചായത്ത് ഓഫീസർ ഇൻ ചാർജ് മുഹമ്മദ് ഗുഫ്രാൻ മജ്‌രി പറഞ്ഞു. സമരം ആരംഭിച്ചതുമുതൽ തെരുവുകളിൽ മാലിന്യം കുന്നുകൂടുന്നുണ്ടെന്നും ഇത് ദുർഗന്ധം വമിക്കുന്നതായും രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam