
കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ ശർമിഷ്ഠ പനോലിയേക്കുറിച്ച് പരാതി നൽകിയ യുവാവിനെ കാണാതായി. വജാഖത് ഖാൻ എന്ന യുവാവാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായാ നിയമ വിദ്യാർത്ഥിനിക്കെതിരെ പരാതി നൽകിയത്. ശർമിഷ്ഠ പനോലി അറസ്റ്റിലായതിന് പിന്നാലെ വജാഖത് ഖാനും കുടുംബവും ഭീഷണി നേരിട്ടിരുന്നതായാണ് യുവാവിന്റെ പിതാവ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിലാണ് 22 കാരിയായ ശർമിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് മെയ് 30ന് അറസ്റ്റ് ചെയ്തത്.
വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരാമർശങ്ങളിലൂടെ ഒരു വിഭാഗത്തിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചതിനായിരുന്നു 22കാരി അറസ്റ്റിലായത്. നിലവിൽ ഈ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോളിവുഡ് താരങ്ങൾക്കെതിരെയും 22കാരി അധിക്ഷേപ വാക്കുകൾ പ്രയോഗിച്ചിരുന്നു. കൊൽക്കത്തയിലെ കോടതിയിൽ ഹാജരാക്കിയ ശർമിഷ്ഠ പനോലിയെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 22കാരിയുടെ അറസ്റ്റിന് പിന്നാലെ പരാതിക്കാരനായ വജാഖത് ഖാനെതിരെയും പൊലീസിൽ പരാതി ലഭിച്ചിരുന്നു. ശ്രീരാമ സ്വാഭിമാൻ പരിഷത്ത് നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് യുവാവിനെതിരേയും കേസ് എടുത്തിട്ടുണ്ട്.
ഒരു മതത്തെ ലക്ഷ്യം വച്ച് അനാദരവോടെ, അവഹേളനപരമായ പരാമർശങ്ങൾ നടത്തി എന്നാണ് ശർമിഷ്ഠയുടെ വീഡിയോയേക്കുറിച്ച് പൊലീസ് പറയുന്നത്. പോസ്റ്റ് വിവാദമായതോടെ ശർമിഷ്ഠ സോഷ്യൽ മീഡിയയിൽ നിരുപാധികം ക്ഷമാപണം നടത്തുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ആരെയും വേദനിപ്പിക്കാൻ മനഃപൂർവ്വം ആഗ്രഹിച്ചിട്ടില്ലെന്നുമാണ് ശർമിഷ്ഠ വ്യക്തമാക്കിയത്. ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇനി മുതൽ ജാഗ്രത പാലിക്കുമെന്നും ശർമിഷ്ഠ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം