കുടിവെള്ളം പാഴാക്കിയാല്‍ കനത്ത പിഴ; കര്‍ശന നടപടികളുമായി കേന്ദ്രം

By Web TeamFirst Published Oct 24, 2020, 11:28 AM IST
Highlights

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ വിജ്ഞാപനം. കുടിവെള്ളം പാഴാക്കിയാല്‍ ഒരുലക്ഷം രൂപമുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം

ദില്ലി: കുടിവെള്ളം പാഴാക്കിയാല്‍ കര്‍ശന ശിക്ഷാ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടേതാണ് നിര്‍ണ്ണായക തീരുമാനം. കുടിവെള്ളവും ഭൂഗര്‍ഭ ജലവും പാഴാക്കുന്നതിനെതിരായ പരാതിയിലാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ വിജ്ഞാപനം.

കുടിവെള്ളം പാഴാക്കിയാല്‍ ഒരുലക്ഷം രൂപമുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം. കുറ്റം വീണ്ടും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധിക പിഴ ചുമത്താനും തീരുമാനമായി. കുടിവെള്ളം പാഴാക്കുന്നതിനെതിരെ രാജേന്ദ്ര ത്യാഗി എന്നയാളാണ് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

കുടിവെള്ളം പാഴാക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണം എന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. കുടിവളെളം പാഴാവുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജല്‍ശക്തി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളവും, ഭൂഗർഭ ജലവും  ദുരുപയോഗം ചെയ്യുന്നതോ പാഴാക്കുന്നതോ തടയാനുള്ള മാർഗങ്ങൾ രൂപവത്കരിക്കാനും തദ്ദേശ സ്ഥാപനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ് വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതെന്നും കേന്ദ്രം വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. 
 

click me!