
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകൾക്കിടയിലും ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് എംഎൽഎ ബി ബസവരാജ്. തിങ്കളാഴ്ച ജെസിബിയിലായിരുന്നു സായി ലേഔട്ടിലെ ദുരിതബാധിത പ്രദേശം എംഎൽഎ സന്ദർശിച്ചത്. ചില പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉപയോഗിക്കുന്ന ജെസിബികളിലാണ് എംഎൽഎ എത്തിയത്. വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനാണ് ജെസിബി ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി ബംഗളൂരുവിൽ കനത്ത മഴ തുടരുകയാണ്.
മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇത് സാധാരണ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. കനത്ത വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണു. നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടാവുകയും ചെയ്തു. നഗരത്തിൽ നേരത്തെ തന്നെയുള്ള ട്രാഫിക് പ്രശ്നങ്ങൾക്ക് വെള്ളക്കെട്ട് ആക്കം കൂട്ടി. പെട്ടെന്നുണ്ടായ കനത്ത മഴയെ നേരിടാൻ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളും പരാജയപ്പെട്ടു. ആളുകളുടെ കാൽമുട്ടോളം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.
നിരവധി വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. പൊതുഗതാഗത സംവിധാനങ്ങൾ മന്ദഗതിയിലായതോടെ യാത്രക്കാർ വലഞ്ഞു. പല വീടുകളിലേക്കും വെള്ളം കയറി. വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും നശിച്ചു. ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ബെംഗളൂരുവിന്റെ നഗര-ഗ്രാമ പ്രദേശങ്ങൾ, കോലാർ, ചിക്കബല്ലാപുര, തുമകൂരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കൊടക്, ബെൽഗാവി, ബിദാർ, റായ്ച്ചൂർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ എന്നീ ജില്ലകളെയാണ് മഴ കാര്യമായി ബാധിച്ചത്. സായി ലേഔട്ട്, ഹൊറമാവു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
കർണാടകയിൽ ജാഗ്രതാ നിർദ്ദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീരദേശ കർണാടകയിൽ കനത്ത മഴ- 'യെല്ലോ' അലേർട്ടും, വടക്കൻ, തെക്കൻ ഉൾനാടൻ കർണാടകയിൽ അതിശക്തമായ മഴ-'ഓറഞ്ച്' അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പി, ബെൽഗാവി, ധാർവാഡ്, ഗഡഗ്, ഹവേരി, ശിവമോഗ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇന്ന് (മെയ് 19) നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും, വ്യാപകമായി മിതമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം. വടക്കൻ ഉൾനാടൻ ജില്ലകളിൽ മെയ് 19 മുതൽ 22 വരെ ഇത് തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam