
ദില്ലി: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ സുപ്രധാന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കോട്ട - നഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ഈ നിർണ്ണായക പരിശോധന. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരീക്ഷണ ഓട്ടത്തിന്‍റെ വീഡിയോ എക്സിൽ പങ്കുവെച്ചു. ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ഈ ട്രെയിൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന സൂചനയാണ് ഈ പരീക്ഷണം നൽകുന്നത്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താൻ ലക്ഷ്യമിട്ടുള്ള ട്രെയിൻ, പരീക്ഷണ ഘട്ടത്തിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിച്ചു. ട്രെയിനിന്‍റെ സ്റ്റെബിലിറ്റി പരിശോധിക്കുന്നതിനായി നടത്തിയ 'വാട്ടർ ടെസ്റ്റ്' വൻ വിജയമായിരുന്നു. അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴും ട്രെയിനിനുള്ളിൽ വെച്ചിട്ടുള്ള ഗ്ലാസിലെ വെള്ളം തുളുമ്പുന്നില്ലെന്ന് ഈ പരീക്ഷണം തെളിയിച്ചു. പുതിയ തലമുറ ട്രെയിനുകളുടെ സാങ്കേതിക മികവാണിത് കാണിക്കുന്നത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ ട്രാക്കിലെ പ്രകടനം, ബ്രേക്കിംഗ് സിസ്റ്റം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തി.
വന്ദേ ഭാരത് സ്ലീപ്പറിന്റെ സവിശേഷതകൾ
വിദേശ രാജ്യങ്ങളിലെ അത്യാധുനിക ട്രെയിനുകളോട് കിടപിടിക്കുന്ന ഇന്‍റീരിയറും സൗകര്യങ്ങളുമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. കുലുക്കം കുറഞ്ഞ യാത്ര ഉറപ്പാക്കുന്ന അഡ്വാൻസ്ഡ് സസ്പെൻഷൻ സിസ്റ്റം സുഖകരമായ യാത്ര ഉറപ്പാക്കുന്നു. ഓരോ ബെർത്തിലും ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ, സെൻസർ അധിഷ്ഠിത ലൈറ്റിംഗ്, മികച്ച ബയോ-വാക്വം ടോയ്‌ലറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 'കവച്' (Kavach) ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ചെയർ കാറുകളിൽ നിന്ന് വ്യത്യസ്തമായി, രാത്രികാല ദീർഘദൂര യാത്രകൾ സുഖകരമാക്കാൻ സ്ലീപ്പർ കോച്ചുകൾ സഹായിക്കും. 2026ന്‍റെ തുടക്കത്തിൽ തന്നെ ഈ ട്രെയിനുകൾ വാണിജ്യ അടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam