"അമിത് ഷായുടെ കളി നിങ്ങൾ മനസ്സിലാക്കണം", പഴയൊരു കഥയിലൂടെ കാര്യം വിശദീകരിച്ച് കനയ്യ കുമാർ

By Web TeamFirst Published Dec 16, 2019, 3:01 PM IST
Highlights

നമ്മുടെ മക്കൾക്ക് വിദ്യാഭ്യാസവും തൊഴിലുമൊക്കെ വേണം എന്ന് ഗവൺമെന്റിനോട് നമ്മൾ ആവശ്യപ്പെടുമ്പോൾ, ഗവണ്മെന്റ് നമ്മളെ നമ്മുടെ പൗരത്വം തെളിയിക്കുക എന്ന ശ്രമകരമായ ജോലി തന്ന് ഒരു പ്രതിഷേധത്തിനും നേരമില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്ന് കനയ്യ സൂചിപ്പിച്ചു. 

ജെഎൻയു സമരങ്ങളുടെ മുൻ നിരയിൽ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട് ദേശീയശ്രദ്ധ നേടുകയും പിന്നീട്  ബെഗുസരായി മണ്ഡലത്തിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഒക്കെ ചെയ്ത നേതാവാണ് കനയ്യ കുമാർ. സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി, പിന്നീട് സിപിഐ സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും, പരാജയം രുചിക്കേണ്ടി വന്നു അദ്ദേഹത്തിന്. 

പൗരത്വ നിയമത്തിന്റെ ഭേദഗതിക്ക് ബിൽ വന്ന അന്ന് മുതൽ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയും, അല്ലാതെ നേരിട്ട് റാലികളിൽ പങ്കെടുത്തും കനയ്യ തന്റെ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ, വന്ന ഒരു ട്വീറ്റിലാണ്, കേന്ദ്രത്തിന്റെ കളി ഇന്ത്യൻ പൗരന്മാർ മനസിലാക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അത് വ്യക്തമാക്കാൻ വേണ്ടി ഒരു പഴങ്കഥയും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. കഥ ഇപ്രകാരമാണ്, " ഒരിക്കൽ ഒരിടത്ത് ഒരു കുഞ്ഞ് " എനിക്ക് വിശക്കുന്നേ... എനിക്ക് വിശക്കുന്നേ..." എന്നും പറഞ്ഞ് കരച്ചിലോട് കരച്ചിലായി. അപ്പോൾ അവന്റെ അച്ഛൻ അവനെ അലമാരയുടെ മുകളിൽ എടുത്തിരുത്തി. അതോടെ അവൻ തന്റെ വിശപ്പിനെപ്പറ്റി മറന്നു പോയി. പിന്നെ "എന്നെ താഴയിറക്കണേ... എന്നെ താഴയിറക്കണേ..." എന്നും പറഞ്ഞായി കരച്ചിൽ.  

 

एक बच्चा भूख के मारे रो रहा था और अपने पापा से खाना माँग रहा था।पापा ने उसे अल्मारी के ऊपर बिठा दिया।अब बच्चा भूख भूलकर अल्मारी से नीचे उतरने के लिए रोने लगा

खेल को समझिए।आपके बच्चों को शिक्षा-रोजगार चाहिए।ये लोग आप सबको अपनी नागरिकता सिद्ध करने के जाल में उलझा देना चाहते है

— Kanhaiya Kumar (@kanhaiyakumar)

നമ്മുടെ മക്കൾക്ക് വിദ്യാഭ്യാസവും തൊഴിലുമൊക്കെ വേണം എന്ന് ഗവൺമെന്റിനോട് നമ്മൾ ആവശ്യപ്പെടുമ്പോൾ, ഗവണ്മെന്റ് നമ്മളെ നമ്മുടെ പൗരത്വം തെളിയിക്കുക എന്ന ശ്രമകരമായ ജോലി തന്ന് ഒരു പ്രതിഷേധത്തിനും നേരമില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്ന് കനയ്യ സൂചിപ്പിച്ചു. 

"കഴിഞ്ഞ അഞ്ചു വർഷം അവർ തള്ളിനീക്കിയത് നമ്മളോട് ആധാർ കാർഡിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ്. ഇനി വരുന്ന അഞ്ചു വർഷം അവർ നമ്മളോട് നമ്മുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞു കൊണ്ട് തള്ളിനീക്കാനാണ് അവരുടെ പ്ലാൻ. അതിന് നമ്മൾ നിന്നുകൊടുക്കരുത്" കനയ്യ പറഞ്ഞു. "നമ്മൾ അവർ പറയുന്ന രേഖകൾ ഹാജരാക്കാൻ വേണ്ടി സർക്കാർ ഓഫീസുകളുടെ വരാന്തകൾ നിരങ്ങുന്നതിനിടെ അവർ നമ്മൾ അറിയാതെ ഒഎൻജിസി, ബിഎസ്എൻഎൽ, എയർ ഇന്ത്യ, റെയിൽവേയ്സ്  എന്നിങ്ങനെ ഒട്ടുമുക്കാൽ സർക്കാർ സ്ഥാപനങ്ങളും വിറ്റഴിക്കും. പിന്നെ തേജസ് എക്സ്പ്രസിൽ 400 രൂപയുടെ ടിക്കറ്റ് 4000 കൊടുത്ത് വാങ്ങി യാത്ര ചെയ്യേണ്ടി വരും. പത്തുലക്ഷം മുടക്കി ഡിഗ്രി വാങ്ങി, പതിനായിരം രൂപ ശമ്പളത്തിന് ജോലിയും ചെയ്തു കഴിച്ചുകൂട്ടേണ്ടി വരും " അദ്ദേഹം തുടർന്നു.

click me!