വിമാനയാത്രയിലെ അധിക നിരക്കുകൾക്ക് തടയിടാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബാഗേജ് കൊണ്ടുപോകുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്.

മുംബൈ: വിമാനങ്ങളിലെ സീറ്റ് ബുക്കിംഗിലും ബാഗേജിലും പുതിയ നിർദ്ദേശങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്തിൽ ഇഷ്ടപ്പെട്ട സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമിരുന്ന് യാത്ര ചെയ്യുന്നതിനും ഇനി തടസ്സങ്ങൾ കുറയും. സീറ്റ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനയാത്രയ്ക്ക് ചെലവ് കൂടുന്നത് തടയാൻ ലക്ഷ്യമിട്ട് ഡിജിസിഎ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അധിക തുക ഈടാക്കുന്നതിനായി സേവനങ്ങളെ തരംതിരിക്കുന്ന രീതിയെ ഡിജിസിഎ ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത് ഭൂരിഭാഗം യാത്രക്കാർക്കും അധിക ചിലവില്ലാതെ സീറ്റുകൾ ഉറപ്പാക്കാൻ സഹായിക്കും. യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിമാനത്തിലെ കുറഞ്ഞത് 60% സീറ്റുകളെങ്കിലും സൗജന്യമായി അലോട്ട് ചെയ്യാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്നാണ് പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യുന്നതിന് അധിക പണം നൽകേണ്ടി വരില്ല. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വിമാനത്തിനുള്ളിലെ ഭൂരിഭാഗം സീറ്റുകളും സൗജന്യമായി തിരഞ്ഞെടുക്കാൻ ലഭ്യമാണെന്ന് ഇതുവഴി ഉറപ്പാക്കാൻ സാധിക്കും.

യാത്രയിൽ ഒപ്പമുള്ളവർ വേറെ സീറ്റുകളിലായിപ്പോകുന്നു എന്ന പരാതി ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. ഈ പരാതിക്കും ഡിജിസിഎ പരിഹാരം കണ്ടിട്ടുണ്ട്. ഒരേ പിഎൻആറിൽ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒരുമിച്ച്, അതും മുൻഗണനാക്രമത്തിൽ അടുത്തടുത്ത സീറ്റുകൾ തന്നെ നൽകണമെന്നാണ് പുതിയ നിർദ്ദേശം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിമാനത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോകുന്നത് ഒഴിവാക്കാൻ സീറ്റ് അലോക്കേഷൻ രീതി പരിഷ്കരിക്കാൻ വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, കായിക ഉപകരണങ്ങളും സംഗീതോപകരണങ്ങളും കൊണ്ടുപോകുന്നത് ഇനി മുതൽ കൂടുതൽ എളുപ്പമാകും. സംഗീത ഉപകരണങ്ങൾ കൊണ്ടുപോകാൻ കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലെന്നും അലക്ഷ്യമായി കൈകാര്യം ചെയ്ത് ഉപകരണങ്ങൾ നശിപ്പിച്ചു എന്നും പരാതികൾ ഉയർന്നിരുന്നു. വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുന്നതിന് കൃത്യമായ നയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോഴും യാത്ര നിഷേധിക്കപ്പെടുമ്പോഴുമുള്ള യാത്രക്കാരുടെ അവകാശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഡിജിസിഎ കർശന നിർദ്ദേശം നൽകി. വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, എയർപോർട്ട് കൗണ്ടറുകൾ എന്നിവിടങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണം. കൂടുതൽ ആളുകളിലേക്ക് അറിവ് എത്തുന്നതിനായി യാത്രക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക ഭാഷകളിലും വ്യക്തമായി അറിയിക്കണമെന്നും ഡിജിസിഎ നിർദ്ദേശിച്ചു.