താൻ പാർട്ടിയിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പ്രദ്യുത് ബോർഡോലോ ദേശീയ മാധ്യമങ്ങളോട് പറ‌‌ഞ്ഞു.

ഗുവാഹത്തി: മൂന്ന് പതിറ്റാണ്ടോളം നീണ്ട പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് അസം കോൺഗ്രസ് എംപി പ്രദ്യുത് ബോർഡോലോ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രദ്യുതിനെ ബിജെപിയിൽ ചേരാൻ പരസ്യമായി ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദ്യൂദ് 30 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ചത്. കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ന് ബിജെപിയിൽ ചേരും. അസം പിസിസി മേധാവി ഗൗരവ് ഗൊഗോയിയും നേതൃത്വവും തന്നെ ഒതുക്കി നിർത്തുന്നുവെന്ന് ആരോപിച്ചാണ് പ്രദ്യുത് ബോർഡോലോയുടെ രാജി. 

താൻ പാർട്ടിയിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പ്രദ്യുത് ടൈംസ് ഓഫ് ഇന്ത്യയോട് പറ‌‌ഞ്ഞു. ഇന്നലെയാണ് കോൺഗ്രസം എംപി പാർട്ടിയിൽ നിന്ന് രാജിവച്ചത്. അതീവ ദുഃഖത്തോടെ താൻ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പ്രദ്യുത് വ്യക്തമാക്കി. 

ബി‌ജെ‌പി തന്നെ സമീപിച്ചിട്ടുണ്ടെന്ന് ബോർഡോലോയ് നേരത്തെ സമ്മതിച്ചിരുന്നു. ബി‌ജെ‌പിയിൽ നിന്ന് നല്ല ഒരു ഓഫർ ലഭിച്ചു. ഇതിന് പിന്നാലെ കെ‌സി വേണുഗോപാലിനെയും മറ്റുള്ളവരെയും ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചു, പക്ഷേ ഒരു പ്രതികരണവും ലഭിച്ചില്ല. ഞാൻ ചില പ്രശ്നങ്ങൾ ഉന്നയിച്ചതുകൊണ്ടുമാത്രമാണ് അവർ എനിക്ക് മുന്നിൽ വാതിൽ അടച്ചത്'- പ്രദ്യുത് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാർ മണ്ഡലമായ ദിസ്പൂർ മണ്ഡലത്തിൽ നിന്ന് പ്രത്യുബ് ബോർഡോലോയ് ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.