
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ കോൺഗ്രസിന് മത്സരിക്കാൻ ഒരു സീറ്റ് നൽകാമെന്ന് ആം ആദ്മി പാർട്ടി (എഎപി). ദില്ലിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ആറെണ്ണത്തിൽ എഎപി മത്സരിക്കുമെന്നും അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിന് എഎപിയും കോൺഗ്രസും ചർച്ച നടത്തുകയാണ്. മെറിറ്റ് അടിസ്ഥാനത്തിൽ, കോൺഗ്രസ് പാർട്ടി ദില്ലിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ല. എന്നാൽ സഖ്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കോൺഗ്രസിന് ഒരു സീറ്റ് നൽകാമെന്നാണ് എഎപിയുടെ വാഗ്ദാനം. ബാക്കി ആറുസീറ്റിലും എഎപി മത്സരിക്കണമെന്നും എഎപി എംപി സന്ദീപ് പഥക് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സീറ്റുകളിൽ ഭൂരിഭാഗവും നേടിയെന്ന് എഎപി നേതാക്കൾ പറയുന്നു. അതേസമയം, ദില്ലിയിലെ തെരഞ്ഞെടുപ്പിൽ തുടർച്ചയായ തിരിച്ചടികൾ നേരിടുകയാണ് കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒറ്റ സീറ്റിലും വിജയിക്കാനായില്ല. എംസിഡി തെരഞ്ഞെടുപ്പിൽ 250ൽ വെറും ഒമ്പത് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായതെന്നും പഥക് പറഞ്ഞു.
ദില്ലിയിൽ നാല് സീറ്റിൽ കോൺഗ്രസും മൂന്ന് സീറ്റിൽ എഎപിയും മത്സരിക്കണമെന്നായിരുന്നു ചർച്ചയിൽ കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ഇത് എഎപി അംഗീകരിച്ചില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. പഞ്ചാബിൽ 13 ലോക്‌സഭാ സീറ്റുകളിലും ഒറ്റക്കാണ് എഎപി മത്സരിക്കുന്നത്. ഹരിയാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ മത്സരിക്കാൻ എഎപി സീറ്റ് ആവശ്യപ്പെട്ടതോടെ ഇരു പാർട്ടികളും തമ്മിലുള്ള ചർച്ച കൂടുതൽ സങ്കീർണമായിരുന്നു.