
ദില്ലി: ദില്ലിയിലെ കൊവിഡ് വ്യാപനം ആശങ്കജനകമായ സ്ഥിതിയിലാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കൊവിഡ് വാക്സിൻ എടുത്തവരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നും കെജ്രിവാൾ അഭ്യര്‍ത്ഥിച്ചു.
ലോക്ക്ഡൗണ്‍ കൊണ്ട് കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവും എന്ന് കരുതുന്നില്ല. എന്നാൽ ദില്ലിയിലെ ആശുപത്രി സംവിധാനങ്ങൾ തകര്‍ന്നാൽ ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടി വരും. നിലവിൽ ആശുപത്രികളിൽ രോഗികൾക്കായി ബെഡുകൾ ഒഴിവുണ്ട്. ആളുകൾ സ്വകാര്യ ആശുപത്രികളിലേക്കാണ് ഓടുന്നത് അവസാനിപ്പിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങളുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിൽ ഒരേസമയം ബെഡുകൾ ഒഴിവില്ലാത്ത ഒരു ഘട്ടം വന്നാൽ മാത്രമേ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചിക്കാനാവൂ - കെജ്രിവാൾ വിശദീകരിച്ചു.
2020 നവംബര്‍ വരെ കുതിച്ചുയര്‍ന്ന ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം പിന്നീട് താഴ്ന്നിരുന്നു. നവംബറിൽ 8000 പ്രതിദിന കൊവിഡ് കേസുകൾ വരെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ നിന്നും ദില്ലി പിന്നീട് മെച്ചപ്പെട്ടെങ്കിലും മാര്‍ച്ച് അവസാനം മുതൽ ദില്ലിയിൽ കൊവിഡ് ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 10,732 കൊവിഡ് കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1.52 ലക്ഷം കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യമാകെ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam