
മുംബൈ: മഹാരാഷ്ട്രയിലെ സതാറ ജില്ലയിൽ വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. എസ് ഐ ഗോപാൽ ബദ്നെയാണ് അറസ്റ്റിലായത്. ബദ്നെ ഫാൽട്ടൺ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നുവെന്ന് സതാറ എസ്പി തുഷാർ ദോഷി പറഞ്ഞു. ഡോക്ടർ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ടാമനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രശാന്ത് ബങ്കാറിനെ നേരത്തെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ബങ്കറിനെ സതാറ ജില്ലാ കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സതാറയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെ വ്യാഴാഴ്ച രാത്രിയാണ് ഫാൽട്ടണിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ഐ ബദ്നെ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബങ്കർ മാനസികമായി പീഡിപ്പിച്ചുവെന്നും കൈവെള്ളയിൽ കുറിപ്പെഴുതിയ ശേഷമാണ് ഡോക്ടർ ജീവനൊടുക്കിയത്. ബങ്കറിന്‍റെ അച്ഛന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഡോക്ടർ വാടകയ്ക്ക് താമസിച്ചിരുന്നത്. മരണത്തിന് തൊട്ടു മുൻപ് ബങ്കറിനെ ഡോക്ടർ ഫോണിൽ വിളിച്ചിരുന്നതായി കണ്ടെത്തി.
പീഡനത്തെ കുറിച്ച് ഡോക്ടർ പലതവണ പരാതി നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. എസിപിക്ക് പരാതി നൽകി മൂന്ന് മാസമായിട്ടും എസ്ഐക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ആശുപത്രിയിലെ ചില മെഡിക്കൽ റിപ്പോർട്ടുകൾ മാറ്റാൻ ഡോക്ടർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി മറ്റൊരു ബന്ധു ആരോപിച്ചു. രാഷ്ട്രീയക്കാരിൽ ചിലർ മെഡിക്കൽ റിപ്പോർട്ടുകൾ മാറ്റാൻ പലപ്പോഴും അവരോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് ആരോപണം.
പിന്നാലെ ഡോക്ടറെ സമ്മർദത്തിലാക്കാൻ ശ്രമിച്ച എംപിയെ കേസിൽ പ്രതിയാക്കണമെന്ന് ബിജെപി എംഎൽഎ സുരേഷ് ധാസ് ആവശ്യപ്പെട്ടു. എംപിയുടെ പേര് പറയാതെയാണ് ആവശ്യം ഉന്നയിച്ചത്. ഡോക്ടറുടെ ബന്ധുക്കളായ മറ്റ് രണ്ട് ഡോക്ടർമാർ ആരോപിച്ചത്, ഡോക്ടറെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ആശുപത്രി അധികൃതർ അവർക്ക് പോസ്റ്റ്‌മോർട്ടം ഡ്യൂട്ടികൾ നൽകിയിരുന്നു എന്നാണ്. ഡോക്ടർക്ക് എംഡി (ഡോക്ടർ ഓഫ് മെഡിസിൻ) ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അവരുടെ എംബിബിഎസ് കോഴ്സിനായി എടുത്ത 3 ലക്ഷം രൂപയുടെ ലോൺ ഇതുവരെ അടച്ചുകഴിഞ്ഞിട്ടില്ലെന്ന് അമ്മാവൻ പറഞ്ഞു.
"അവളുടെ അച്ഛൻ കർഷകനാണ്. ഞാൻ അധ്യാപകനാണ്. അവൾക്ക് വിദ്യാഭ്യാസം നൽകാൻ ഞാൻ ബീഡിലേക്ക് കൊണ്ടുപോയി. അവൾ ഡോക്ടറായി. ഇഎൻടിയിൽ എംഡി പഠിക്കാൻ അവൾ ആഗ്രഹിച്ചു"- അമ്മാവൻ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam