പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം

Published : Apr 23, 2026, 04:17 PM IST
Bengal Voting

Synopsis

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാപകമായ അക്രമസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതും വോട്ടെടുപ്പിനെ ബാധിച്ചു.  

കൊൽക്കത്ത: അക്രമാസക്തമായി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അക്രമസംഭവങ്ങളും വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് മുതൽ ബോംബേറ് വരെ ഉണ്ടായിട്ടുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുർഷിദാബാദിലും ദിനാജ്പൂരിലും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തകരാറിലായതായും പറയപ്പെടുന്നു.

വോട്ടെടുപ്പിന് തലേന്ന് രാത്രി മുർഷിദാബാദിൽ നടന്ന ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. രാത്രി എട്ട് മണിയോടെ നമസ്കരിക്കാൻ പോയ തന്നെ ഹുമയൂൺ കബീറിന്റെ പാർട്ടി പ്രവർത്തകർ ബോംബെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ വ്യക്തി പറഞ്ഞു. ഇതിനിടെ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഹുമയൂൺ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയൻ പാർട്ടി (എയുജെപി) പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. കല്ലേറിൽ നിരവധി വാഹനങ്ങൾ തകർന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.

ദിനാജ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശുഭേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. തൃണമൂൽ പ്രവർത്തകർ ശുഭേന്ദുവിനെ പിന്തുടരുന്നതിന്റെയും പൊലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുമാർഗഞ്ച് മണ്ഡലത്തിലെ പോളിംഗ് ഏജന്റുമാരെ തൃണമൂൽ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും മമത ബാനർജി തോൽവി ഭയന്നാണ് അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നന്ദിഗ്രാമിലും തൃണമൂലും ബി.ജെ.പിയും തമ്മിൽ തര്‍ക്കമുണ്ടായിട്ടുണ്ട്. പൊലീസ് ബി.ജെ.പിക്ക് ഒത്താശ ചെയ്യുന്നുവെന്ന് മന്ത്രി ശശി പഞ്ജ ആരോപിച്ചു. ഭരണകക്ഷി ഗുണ്ടകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തിരിച്ചടിച്ചു. മുർഷിദാബാദ്, പൂർവ്വ മേദിനിപൂർ, കൂച്ച് ബെഹാർ, മാൾഡ, സിലിഗുരി എന്നിവിടങ്ങളിലെ നിരവധി ബൂത്തുകളിൽ ഇവിഎം തകാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെടുപ്പ് വൈകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശക്തൻ ബസ്റ്റാൻഡിൽ ഡിവൈഡറുകൾ എടുത്തുമാറ്റിയതിൽ പ്രതിഷേധം; എൽ ഡി എഫ് കൗൺസിലർമാരാണ് പ്രതിഷേധിച്ചത്
ബികാജി ഫുഡ്സ് സ്ഥാപകൻ ശിവ് രത്തൻ അഗർവാൾ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം