
കൊൽക്കത്ത: പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ വിമതരുടെ പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ)യുമായി സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. അതേസമയം, സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് തൃണമൂൽ വിമതയും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു.
വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആരുമായും സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സാമിക് ഭട്ടാചര്യ അടുത്തിടെ പറഞ്ഞിരുന്നു. കൊൽക്കത്ത, ഹൗറ തുടങ്ങിയ മുനിസിപ്പൽ കോർപ്പറേഷനുകളിലെല്ലാം പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപിഐയുമായി ഡൽഹിയിൽ ധാരണയുണ്ടായേക്കാം. പക്ഷേ, ഡൽഹിയിൽനിന്ന് കൊൽക്കത്ത 1500 കിലോമീറ്റർ അകലെയാണെന്നുമാണ് എൻസിപിഐ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ വിവിധ സീറ്റുകളിൽ ജനം ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അതിനാൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 209 സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ പാർട്ടിക്ക് കഴിയുമെന്നും ബിജെപിയുടെ തെരഞ്ഞടുപ്പ് സമിതി കൺവീനറായ റിതേഷ് തിവാരിയും പറഞ്ഞു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി ഇതുവരെ ഒന്നുമായിരുന്നില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ മണ്ഡലങ്ങളിൽ ജനം ബിജെപിക്കൊപ്പമായിരുന്നു. അതുകൊണ്ട് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വിജയിക്കാനാകും. മുനിസിപ്പൽ കോർപ്പറേഷനിലെ അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാകും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്നായിരുന്നു തൃണമൂൽ വിമതയും എൻസിപിഐ നേതാവുമായ കകോലി ഘോഷ് ദസ്തിദാറിന്റെ പ്രതികരണം. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊന്നാണ് എൻസിപിഐ. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സഖ്യവുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നും കകോലി ഘോഷ് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുംജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി മുനിസിപ്പൽ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ, ഹൗറ മുനിസിപ്പൽ കോർപ്പറേഷൻ തുടങ്ങിയ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളിൽ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ദുർഗാപൂജ ആഘോഷങ്ങൾക്ക് ശേഷമായിരിക്കും ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, തൃണമൂൽ വിമതരുമായി കേന്ദ്രത്തിൽ സഹകരണമുണ്ടെങ്കിലും ഇവരെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അടുപ്പിക്കേണ്ടെന്നാണ് ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് മമതാ ബാനർജിയോട് ഇടഞ്ഞ് 20 എംപിമാർ തൃണമൂൽ വിട്ടത്. തൃണമൂൽ വിമതരായ ഇവർ പിന്നീട് എൻസിപിഐയിൽ ചേർന്ന് എൻഡിഎയ്ക്കൊപ്പം നിൽക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam