ദില്ലിയിൽ എത്തിയ പുടിനെ കാണാൻ മോദി, ഉച്ചകഴിഞ്ഞ് 3:30ന് കൂടിക്കാഴ്ച; ഇറാൻ പ്രസിഡന്റിനെയും ഇന്ന് തന്നെ കാണും

Published : Sep 11, 2026, 11:03 AM IST
Modi Putin Meet

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് മൂന്നരയ്ക്ക്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ മോദി വൈകിട്ട് 6:15ന് കാണും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 5:45ന്.

ദില്ലി: ദില്ലിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30നാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. റഷ്യ-യുക്രൈൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ രംഗത്തെ സഹകരണം എന്നിവ രണ്ട് നേതാക്കളും ചർച്ച ചെയ്യും. ഇന്ത്യയ്ക്ക് കൂടുതൽ രാസവളവും ക്രൂഡ് ഓയിലും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ചർച്ചയിൽ ഇക്കാര്യവും ഉയർന്നുവരും. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ മോദി വൈകിട്ട് 6:15ന് കാണും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് പെസഷ്കിയാൻ ദില്ലിയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 5:45ന് നടക്കും.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ തുടങ്ങിയവരും ഇന്ന് ദില്ലിയിലെത്തും. നാളെ ഉച്ചയ്ക്ക് 12:25നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ദില്ലിയിൽ വിമാനം ഇറങ്ങുന്നത്. ബ്രിക്സ് ഉച്ചകോടിക്കിടയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ തന്ത്രപ്രധാന സാമ്പത്തിക ചർച്ചയ്ക്ക് സാധ്യതയുണ്ട്. ഇരുരാജ്യങ്ങളും സാമ്പത്തിക സഹകരണം കൂട്ടാനുള്ള വഴികൾ തേടും. ഇന്ത്യൻ വ്യവസായികൾക്കും കമ്പനി ഉദ്യോഗസ്ഥർക്കും ചൈനീസ് വിസ കിട്ടുന്നതിലുള്ള നിയന്ത്രണം ചർച്ചയാകും. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള തടസ്സം മാറ്റണമെന്ന് ചൈന ആവശ്യപ്പെടും.

അതേസമയം 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ ശനിയാഴ്ച തുടക്കമാകും. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി അറുനൂറിലധികം വിദേശ മാധ്യമപ്രവർത്തകർ ദില്ലിയിലെത്തുന്നുണ്ട്. 'പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം' എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം. ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. നേതാക്കൾ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. 'ഭാരത് ഇന്നൊവേറ്റ്സ്' എന്ന പ്രദർശനവും നേതാക്കൾ കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അവനോട് വിശ്വസ്തത പുലർത്തണം'; ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്, വിവാഹം നടത്താനും സഹായിച്ചു
ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാർക്ക് ഇനി കാര്യങ്ങൾ എളുപ്പം; പുതിയ ആപ്പ് പുറത്തിറക്കി ബിഎംടിസി