
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് മുഖ്യമന്ത്രി സുവേന്ദു അധികാരി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ സ്വപൻദാസ് ഗുപ്ത ധനവകുപ്പ് കൈകാര്യം ചെയ്യും. തപസ് റോയ്‍യ്ക്ക് വ്യവസായ വകുപ്പ് ലഭിച്ചു. ശരദ്‍വാത് മുഖർജി ആരോഗ്യവും ദുദ് കുമാർ മൊണ്ഡലിന് കൃഷിയും ലഭിച്ചു. മാധ്യമപ്രവർത്തകൻ കൂടിയായ ജഗന്നാഥ് ചത്തോപാധ്യായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ദീപക് ബർമൻ കൈകാര്യം ചെയ്യും.
ടൂറിസം, പാർലമെൻ്ററികാര്യ വകുപ്പുകൾ ശങ്കർ ഘോഷ് വഹിക്കും. അർജുൻ സിങ്ങിന് തൊഴിൽ, ഗതാഗത വകുപ്പുകൾ ലഭിച്ചു. സഹമന്ത്രിയായ ഇന്ദ്രനിൽ ഖാൻ കായികം, യുവജന, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്യും. മറ്റൊരു സഹമന്ത്രിയായ മാലതി റവ റോയ് വനിതാ, ശിശുവികസന വകുപ്പുകൾ വഹിക്കും.
ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് പശ്ചിമ ബംഗാളിൽ 35 മന്ത്രിമാർ കൂടി അധികാരമേറ്റത്. ഇതോടെ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി. മെയ് ഒൻപതിന് സുവേന്ദു അധികാരിക്കൊപ്പം അഞ്ച് മന്ത്രിമാരാണ് അധികാരമേറ്റിരുന്നത്. മന്ത്രിസഭയിലെ ക്യാബിനെറ്റ് മന്ത്രിമാരുടെ എണ്ണം 19 ആണ് (മുഖ്യമന്ത്രി ഉൾപ്പെടെ). സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 19 സഹമന്ത്രിമാരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു.
ആഭ്യന്തരം, ഭൂപരിഷ്കരണം, ദുരിതാശ്വാസം, ഊർജം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ആണ് കൈകാര്യം ചെയ്യുന്നത്. മുതിർന്ന നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഘോഷ് പഞ്ചായത്ത്, ഗ്രാമവികസന, കൃഷി വിപണനം എന്നീ വകുപ്പുകളാണ് വഹിക്കുന്നത്. ബംഗാളിൽ 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam